"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Sunday, 15 October 2017


സ്വപ്‌നവും മരണാനന്തര ജീവിതവും
മനുഷ്യന്റെ ഉറക്കം ഇസ്‌ലാമിക ദൃഷ്ട്യാ 'കൊച്ചു മരണം' ആണ്. അതു കൊണ്ടു തന്നെ ഉറക്കില്‍ നാം കാണുന്ന സ്വപ്നങ്ങള്‍ മരണാനന്തര ജീവിതത്തിന്റെ ഭൗതികമായ അടയാളങ്ങളത്രെ. ഇസ്‌ലാമിക വീക്ഷണത്തില്‍ മനുഷ്യജീവിതത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ജനനം മുതല്‍ മരണം വരെ നീണ്ടു നില്‍ക്കുന്നതാണ് ഒന്നാം ഘട്ടം. മരണം മുതല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് വരെ രണ്ടാം ഘട്ടം. വിചാരണ മുതല്‍ സ്വര്‍ഗനരകങ്ങളുടെ അനശ്വരതയാര്‍ന്ന മൂന്നാം ഘട്ടം.

ഇതില്‍ ആദ്യഭാഗം ശരീര പ്രധാനമാണെങ്കില്‍ മധ്യം അഥവാ ഖബ്ര്‍ (ബര്‍സഖ്) ജീവിതം ആത്മപ്രധാനമാണ്. ഈ ഘട്ടത്തില്‍ മനുഷ്യ ശരീരത്തിന് മുമ്പുണ്ടായിരുന്ന വ്യക്തിത്വം നഷ്ടപ്പെടുകയും നാശമടയുകയും ചെയ്യുന്നു. ആത്മാവാകട്ടെ അതിന്റെ പൂര്‍ണ വ്യക്തിത്വത്തോടെ അന്യൂനം നിലനില്‍ക്കുന്നു. ശരീരം എന്ന മാധ്യമം കൂടാതെ ആത്മാവ് നേരിട്ടു തന്നെ സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നുവെന്നതാണ് ഈ ഘട്ടത്തിന്റെ സവിശേഷത. (ശ്മശാന ജീവിതത്തെ ആത്മപ്രധാനം എന്നു വിളിക്കുന്നതും അതുകൊണ്ടാണ്)

ഇനി സ്വപനത്തിലേക്ക് വരിക. ബെഡ്ഡില്‍ കിടന്നുറങ്ങുന്ന നാം ഓടുകയും ചാടുകയും ഭൂഖണ്ഡങ്ങള്‍ താണ്ടുകയും ചെയ്യുന്ന അല്‍ഭുതകരമായ അവസ്ഥയാണല്ലോ സ്വപ്നം. സ്വപ്നങ്ങളില്‍ നാം വിഷമിക്കുകയും സന്തോഷിക്കുകയും ചെയ്യാറുണ്ട്. മനം കുളിര്‍പ്പിക്കുന്ന പച്ചപ്പുകളിലൂടെ പ്രയാണം ചെയ്യാറുണ്ട്. പേടിപ്പെടുത്തുന്ന സര്‍പ്പങ്ങള്‍ നമ്മെ ഓടിക്കാറുണ്ട്. പക്ഷെ അപ്പോഴെല്ലാം നാം കിടക്കുന്നത് വീട്ടിന്നകത്തെ ബെഡ് റൂമിലെ കട്ടിലില്‍ തന്നെയാവും!!!

ആത്മാവിന്റെയും ശരീരത്തിന്റെയും ഉടമയായ ദൈവം തമ്പുരാന് ഇവ്വിധം ശരീരത്തെ ഉറക്കിക്കിടത്തി ആത്മാവിനെ നടത്താനും സുഖം ദുഖങ്ങള്‍ അനുഭവിപ്പിക്കാനും ശക്തിയുണ്ടെങ്കില്‍ ഈ ശരീരം പൂര്‍ണമായി നാശമടഞ്ഞാലും ആത്മാവിനെ ഇതേ അവസ്ഥകള്‍ അനുഭവിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല.

വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു:'അല്ലാഹു ആത്മാക്കളെ ഏറ്റെടുക്കുന്നു; അവയുടെ മരണസമയത്ത്. മരിച്ചിട്ടില്ലാത്ത ആത്മാക്കളെയും ഏറ്റെടുക്കുന്നു; അവയുടെ ഉറക്കത്തില്‍' (അസ്സുമര്‍:42)
'അവനത്രെ രാത്രിയില്‍ നിങ്ങളെ മരിപ്പിക്കുന്നവന്‍' (അല്‍അന്‍ആം: 60)

ചുരുക്കത്തില്‍ സ്വപ്നം വെറും 'സ്വപ്നം'അല്ല. മരണാനന്തര ജീവിതത്തിന്റെ 'ടെസ്റ്റ് ഡോസ്' ആകുന്നു ഓരോ സ്വപ്നവും.

No comments:

Post a Comment