രണ്ടു ചട്ടകള്‍ക്കിടയില്‍ തുന്നിക്കെട്ടിയ ഒരു ഗ്രന്ഥം സമര്‍പ്പിച്ചുകൊണ്ടല്ല നബി(സ)വിടവാങ്ങിയത്. ഖുര്‍ആന്‍ അത്തരം ഒരു ഗ്രന്ഥവുമല്ല. കാലാതീതനായ അല്ലാഹുവിന്റെ കാലാതീതമായ വചനങ്ങളാണത്. കടലാസുകളില്‍ അടയാളപ്പെടുത്തിയ നിര്‍ജീവമായ അക്ഷരങ്ങളുടെയും പദങ്ങളുടെയും സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും സമാഹാരമല്ല അത്. മനുഷ്യമനസ്സുകളില്‍ മുദ്രിതമായ ജീവസുറ്റ ആശയങ്ങളുടെ പ്രപഞ്ചമാണത്. വിശുദ്ധ ഫലകത്തില്‍ നിന്ന് മനുഷ്യ ഹൃദയത്തിലേക്കാണ് അത് പ്രവഹിച്ചിരിക്കുന്നത്. വിശ്വസ്താത്മാവാണ് അതുമായ ഭൂമിയില്‍ അവതരിച്ചത്. പ്രപഞ്ചത്തിലെ മറ്റു ശക്തികള്‍ക്കൊന്നും ഖുര്‍ആന്‍ എന്ന ആശയത്തെ വഹിക്കാനോ ഉള്‍ക്കൊള്ളാനോ സാധ്യമല്ല. ഖുര്‍ആന്‍ ഒരു പര്‍വ്വതത്തിലാണ് അവതീര്‍ണ്ണമായിരുന്നതെങ്കില്‍ ദൈവഭയത്താല്‍ ആപര്‍വ്വതം ധൂമപടലങ്ങളാകുമായിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രവാഹശക്തിപോലെ അതിന്റെ പ്രപഞ്ചവും അപ്രാപ്യമാണ്. സപ്തസാഗരങ്ങള്‍ മഷിയായി മരങ്ങളൊക്കെയും പേനയായി രൂപാന്തരപ്പെട്ടു എന്ന് സങ്കല്‍പിക്കുക. എന്നിട്ട് അവകള്‍ ഉപയോഗപ്പെടുത്തി ഖുര്‍ആന്‍ വ്യാഖ്യാനിക്കാനിരുന്നാല്‍ മഷി തീരുമെന്നല്ലാതെ അല്ലാഹുവിന്റെ വചനങ്ങള്‍ വ്യാഖ്യാനിച്ചുത്തീര്‍ക്കാനാകില്ല എന്നും ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഖുര്‍ആന്‍ നമ്മുടെ സങ്കല്‍പത്തിലുള്ള ഒരു ഗ്രന്ഥമല്ലെങ്കില്‍ പിന്നെ മുസ്വ്ഹഫ് എന്താണ്? മുസ്വ്ഹഫിന്റെ ചരിത്രം വിവരിക്കും മുമ്പ് ഇങ്ങനെ ഒരാമുഖത്തോടെ തുടങ്ങിയത് കേവലം ഒരു പുസ്തകമല്ല; അനാദിയും അനശ്വരനുമായ അല്ലാഹുവിന്റെ കലാമിന്റെ സംരക്ഷണ വലയമാണതെന്ന് ഉണര്‍ത്താന്‍ വേണ്ടിയാണ്. ഖുര്‍ആനിന്റെ അവതരിപ്പിക്കല്‍ മാത്രമല്ല അതിനെ സ്‌കലിതമുക്തമായി സംരക്ഷിക്കലും അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്. ”നിശ്ചയം, നാമാണ് ഖുര്‍ആനിനെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും”(15:9) ഖുര്‍ആന്‍ കാലഹരണപ്പെടുകയോ കൈകടത്തലുകള്‍ക്ക് വിധേയമാവുകയോ ചെയ്യാന്‍ പാടില്ല. പ്രവാചക കാലത്ത് അത്തരം സന്ദേഹവും ദുര്‍വിചാരങ്ങളും അസാധ്യമായിരുന്നു. അതുകൊണ്ട് ഒരു ഗ്രന്ഥമായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടില്ല. സ്വഹാബികളുടെ ഹൃദയങ്ങളിലായിരുന്നു അതിന്റെ ക്രമീകരണവും ക്രോഢീകരണവുമെല്ലാം നടന്നത്. ഖുര്‍ആന്‍ മനഃപാഠമുള്ള അസഖ്യം സ്വഹാബികള്‍ അന്നുണ്ടായിരുന്നു. പ്രവാചക വിയോഗശേഷം ചിത്രംമാറി. ഖുര്‍ആന്‍ മനഃപാഠമുള്ള പലരും മരണപ്പെട്ടുപോയി. ഹാഫിളുകള്‍ ആപേക്ഷികമായി കുറയാന്‍ തുടങ്ങി. ഹാഫിളുകളുടെ മരണം ഖുര്‍ആന്റെ മരണമാകാന്‍ പാടില്ല. അങ്ങനെയാണ് ഖുര്‍ആന്‍ ഗ്രന്ഥമായി ക്രോഢീകരിക്കുക എന്ന ആശയം സ്വഹാബികള്‍ക്കുണ്ടാകുന്നത്. ഈ ആശയം മാനുഷികമല്ല; ദൈവികമാണ്. കാരണം അല്ലാഹു പറഞ്ഞു: ”നിശ്ചയം; അതിനെ ക്രോഢീകരിക്കലും ഓതിത്തരലും നമ്മുടെ ബാധ്യതയാണ്”.
ഖുര്‍ആന്‍ ക്രോഢീകരണം
രണ്ടു ഘട്ടങ്ങളില്‍ ഖുര്‍ആന്റെ ക്രോഢീകരണം നടന്നിട്ടുണ്ട്. ഒന്നാം ഘട്ടം നുബുവ്വത്തിന്റെ കാലത്തും രണ്ടാം ഘട്ടം ഖുലഫാഉറാശിദുകളുടെ കാലത്തും. രണ്ട് ഘട്ട ക്രോഢീകരണങ്ങള്‍ക്കും അതിന്റെതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഗ്രന്ഥരൂപത്തിലുള്ള ക്രോഢീകരണം ഒന്നാം ഘട്ടത്തില്‍ നടന്നിട്ടില്ല. എങ്കിലും ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ക്രമരാഹിത്യം കൂടാതെ ഹൃദയങ്ങളില്‍ സംരക്ഷിക്കപ്പെട്ടു. ‘ജംഅ്’ എന്ന പദം ഈ ആശയത്തെയും ഉള്‍കൊള്ളുന്നുണ്ട്. മനഃപാഠമാക്കിയത് പോലെ ആദ്യാവസാനം പലസ്ഥലങ്ങളിലായി രേഖപ്പെടുത്തിവെക്കുകയും ചെയ്തിരുന്നു. രേഖപ്പെടുത്തിയതെല്ലാം ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കാനുള്ള സാവകാശം നബി(സ)ക്ക് കിട്ടിയിരുന്നില്ല. വഫാത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനസൂക്തം അവതരിച്ചത്.
എണ്ണമറ്റ ഹാഫിളുകളായ സ്വഹാബികളുടെ സാന്നിധ്യം അത്തരം ചിന്തകളെ അപ്രസക്തമാക്കിയിരുന്നു. നബി (സ)യില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്ന മാത്രയില്‍ അവരത് ഹൃദിസ്ഥമാക്കി. വീടുകളില്‍ ചെന്ന് ഭാര്യമാര്‍ക്കും മക്കള്‍ക്കുമെല്ലാം അവരത് പരിശീലിപ്പിച്ചു. തേനീച്ചകളുടെ രാഗം പോലെ രാത്രികാലങ്ങളില്‍ സ്വഹാബികളുടെ വീടുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണം പതിവായിരുന്നു. വിവിധ നാടുകളിലേക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പലസ്വഹാബികളേയും നബി(സ) നിയോഗിച്ചിരുന്നു. ഹിജ്‌റക്ക് മുമ്പ് മുസ്അബുബ്‌നു ഉമൈര്‍ (റ), അബ്ദുല്ലാഹിബ്‌നു ഉമ്മു മക്തൂം(റ) എന്നിവരെ മദീനയിലേക്ക് അയച്ചത് അവര്‍ക്ക് ദീനും ഖുര്‍ആനും പഠിപ്പിക്കാനായിരുന്നു. ഹിജ്‌റക്കു ശേഷം മുആദുബ്‌നു ജബല്‍ (റ) നെ മക്കയിലേക്ക് പറഞ്ഞ് വിട്ടതും മറ്റൊരു ലക്ഷ്യത്തിലായിരുന്നില്ല.
ഖുര്‍ആന്‍ അറിയാത്തവര്‍ക്ക് പഠിപ്പിക്കാനായി ഒരാള്‍ക്ക് ഒരധ്യാപകന്‍ എന്ന വിധം നബി (സ) സ്വഹാബികളെ ചുമതലപ്പെടുത്തിയിരുന്നു. മസ്ജിദുന്നബവി സ്വഹാബത്തിന്റെ ഖുര്‍ആന്‍ പാരായണ ശബ്ദ മുഖരിതമായപ്പോള്‍ നബി (സ) ശബ്ദം താഴ്ത്തിയോതാന്‍ അവരോട് കല്‍പിച്ചു. കൂട്ടഓത്ത് അപശബ്ദമായി ശ്രോതാക്കള്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു അപ്രകാരം കല്‍പിച്ചത്. ഖുര്‍ആനിന്റെ ഈ ജനകീയത അതൊരു ഗ്രന്ഥത്തില്‍ സമാഹരിക്കുക എന്ന ആലോചനകള്‍ക്കതീതമായിരുന്നു.
ഖുര്‍ആനിനെ ഹൃദയങ്ങളില്‍ സംരക്ഷിച്ച് നിര്‍ത്തുക എന്നത് മുഹമ്മദ് നബി(സ്വ) യുടെ ഉമ്മത്തിന്റെ ഏറ്റവും വലിയ സവിശേഷതയുമാണ്. മുന്‍ വേദക്കാര്‍ക്ക് ഈ ഗുണമുണ്ടായിരുന്നില്ല. അവര്‍ ഗ്രന്ഥങ്ങളെ ആശ്രയിച്ചും അവലംബിച്ചുമാണ് ജീവിച്ചത്. ജീവിക്കുന്ന തൗറാത്തുകളും ഇഞ്ചീലുകളുമില്ലാതിരുന്നപ്പോള്‍ നിര്‍ജീവമായ ഏടുകളില്‍ അവര്‍ കൈവെച്ചു. സൗകര്യം പോലെ അവര്‍ തിരുത്തിയെഴുതി. ഹലാലുകളെ ഹറാമുകളും ഹറാമുകളെ ഹലാലുകളുമാക്കി. അവരെ തടയാന്‍ ആര്‍ക്കുമായില്ല. ഖുര്‍ആനിലെ ഒരക്ഷരംപോലും തിരുത്താന്‍ കഴിയാത്തത് മനുഷ്യഹൃദയങ്ങളില്‍ അതെക്കാലത്തും സൂക്ഷിക്കപ്പെട്ടത് കൊണ്ടാണ്.
അബൂബക്ര്‍ (റ)ന്റെ കാലത്തെ ക്രോഢീകരണം
അബൂബക്ര്‍(റ) ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടത് പ്രതിസന്ധികളുടെ മധ്യത്തിലായിരുന്നു. നിരവധി പ്രശ്‌നങ്ങളിലൊന്നായിരുന്നു കള്ള പ്രവാചകന്മാരുടെ അരങ്ങേറ്റം. നിരവധിപേര്‍ പ്രവാചകത്വവാദവുമായി രംഗത്ത് വന്നു. അവരില്‍ ശക്തനായിരുന്നു മുസൈലിമത്തുല്‍ കദ്ദാബ്. നബി(സ്വ) യുടെ കാലത്തുതന്നെ മുസൈലിമ നുബുവ്വത്ത് വാദവുമായി രംഗത്തുണ്ടായിരുെന്നങ്കിലും ശക്തിപ്പെട്ടത് അവിടുത്തെ വഫാത്തിനുശേഷമായിരുന്നു. ഖുര്‍ആനിനുപകരം പലവ്യാജ ജല്‍പനങ്ങളും അയാള്‍ കെട്ടിയുണ്ടാക്കിയിരുന്നു.
നബി(സ്വ) യുടെ വഫാത്തിനു ശേഷം ബനൂഹനീഫുകാര്‍ മതഭൃഷ്ടരായി. മുസൈലിമ പ്രസ്തുത ഗോത്രക്കാരനായിരുന്നു. നബി(സ്വ); പ്രവാചകത്വത്തില്‍ നിന്ന് തനിക്ക് ഒരു പങ്ക് ഭാഗിച്ചുതന്നതായി അയാള്‍ വാദിച്ചു. നിര്‍ബന്ധപൂര്‍വ്വം തന്റെ കുടുംബത്തെ അയാളത് വിശ്വസിപ്പിച്ചു. അതുകാരണം ഹനീഫ ഗോത്രം അയാളുടെ വാദങ്ങള്‍ ശക്തിപ്പെടുത്തുന്ന സാക്ഷികളായി. ഈസന്ദര്‍ഭത്തില്‍ അവരുമായി ഏറ്റുമുട്ടാന്‍ ഇക്‌രിമ(റ) ന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അബൂബക്ര്‍(റ) നിയോഗിച്ചു. പ്രസ്തുത സൈന്യത്തില്‍ ഖാലിദുബ്‌നുല്‍ വലീദ്(റ) ന്റെ നേതൃത്വത്തിലുള്ള സൈന്യവും കൂടി ചേര്‍ന്നു ഇവരെ നേരിടാന്‍ നാല്‍പതിനായിരം പേര്‍ ഉള്‍കൊള്ളുന്ന ഒരു സൈന്യത്തെ മുസൈലിമ അഖ്‌രിബാഇല്‍ വിന്യസിച്ചു. ആദര്‍ശത്തിനപ്പുറം പക്ഷപാതിത്വം തലക്കുപിടിച്ചവരായിരുന്നു മുസൈലിമയുടെ അധിക സൈനികരും. മുസൈലിമ വ്യാജനാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ‘മുളര്‍ഗോത്രത്തിലെ സത്യസന്ധനെക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം റബീഅ ഗോത്രത്തിലെ വ്യാജനോടാണെന്നവര്‍ പറഞ്ഞിരുന്നു.
മുസ്‌ലിം സൈന്യത്തിന്റെയും മുസൈലിമയുടെയും ഇടയില്‍ ശക്തമായ പോരാട്ടം നടന്നു. റൗളാശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ്വ) യോട് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്വഹാബിമാര്‍ യുദ്ധത്തില്‍ വിജയശ്രീലാളിതരായത്. ‘യാമുഹമ്മദാഹ്’ എന്ന വിളിയായിരുന്നു യമാമ യുദ്ധത്തിന്റെ അടയാളമെന്ന് പ്രബല ചരിത്രഗന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്തിമ വിജയം മുസ്‌ലികള്‍ക്കായിരുന്നെങ്കിലും നിരവധി പ്രമുഖര്‍ യമാമയില്‍ രക്തസാക്ഷികളായി. ഖുര്‍ആന്‍ മനഃപാഠമുള്ള എഴുപത് പേര് അക്കൂട്ടത്തിലുണ്ടായിരുന്നു. നബി(സ്വ) യുടെ കാല ഘട്ടത്തില്‍ നടന്ന ബിഅ്‌റ് ഉഊനാ സംഭവത്തിലും സമാന അനുഭവം മുസ്‌ലിംകള്‍ക്കുണ്ടായിട്ടുണ്ട്. അന്നും എഴുപത് ഹാഫിളുകള്‍ കൊല്ലപ്പെട്ടിരുന്നു.
യമാമയിലെ ഹാഫിളുകളുടെ രക്തസാക്ഷിത്വം ഉമര്‍(റ) നെ ആശങ്കപ്പെടുത്തി. തന്റെ ആശങ്ക അദ്ദേഹം അബൂബക്ര്‍(റ) നെ അറിയിച്ചു. യമാമയിലെ ഹാഫിളുകളുടെ രക്തസാക്ഷിത്വം ഉമ്മത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ മരണപ്പെടുന്നത് വിശുദ്ധഗ്രന്ഥം നമുക്ക് നഷ്ടപ്പെടാനുള്ള ഹേതുവാകും. അതുകൊണ്ട് ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി ക്രോഢീകരിക്കണം. ആദ്യം ഉമര്‍ (റ) അഭിപ്രായത്തെ അബൂബക്ര്‍(റ) നിരസിച്ചു. നബി(സ്വ) ചെയ്യാത്തകാര്യം നാമെങ്ങനെ ചെയ്യും? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നെ കാര്യം അദ്ദേഹത്തിനും ബോധ്യപ്പെട്ടു. അങ്ങനെ ഖുര്‍ആന്‍ ക്രോഢീകരണ ചര്‍ച്ച സജീവമായി. നബി(സ്വ) യുടെ വഹ്‌യ് എഴുത്തുകാരനായിരുന്ന സൈദുബ്‌നു സാബിത്(റ) നെ വിളിച്ചുവരുത്തി. അദ്ദേഹത്തിന്റെ മുമ്പില്‍ കാര്യം അവതരിപ്പിച്ചു. അബൂബക്ര്‍(റ) നെപോലെ ആദ്യം സൈദ്(റ) വും തന്റെ അനിഷ്ടം അറിയിച്ചു. പിന്നെ അദ്ദേഹത്തിനും കാര്യം ബോധ്യപ്പെട്ടു. അങ്ങനെ പ്രസ്തുത ദൗത്യത്തിന്റെ ഉത്തരവാദിത്വം സൈദ്(റ) നെ ഖലീഫ ഏല്‍പിച്ചു. ”ഒരു മല ചുമക്കാനാണ് കല്‍പിക്കപ്പെട്ടിരുന്നതെങ്കില്‍ എനിക്കിത്ര ഭാരം അനുഭവപ്പെടുമായിരുന്നില്ല”. താന്‍ ഏല്‍പിക്കപ്പെട്ട ചുമതലാനിര്‍വഹണത്തിലെ ത്യാഗത്തെ സൈദ്(റ) ഇങ്ങനെയാണ് പ്രകടിപ്പിച്ചത്. അങ്ങനെ അദ്ദേഹം തന്റെ ദൗത്യം ആരംഭിച്ചു. ഖുര്‍ആന്‍ എഴുതപ്പെട്ട ഈത്തപ്പനമട്ടലുകള്‍, കല്‍പാളികള്‍, തോലുകള്‍ എല്ലാം സമാഹരിച്ചു. ഹാഫിളുകളുടെ സഹായവും തേടി. സൂറത്തുത്തൗബയുടെ അവസാന വാക്യങ്ങളുടെ ലിഖിതരേഖ പലയിടങ്ങളിലും അന്വേഷിച്ചു. അവസാനം അത്കിട്ടിയത് അന്‍സ്വാരി സ്വഹാബിയായ അബൂഖുസൈമ(റ) യില്‍ നിന്നായിരുന്നു. സൈദ്(റ) സമാഹരിച്ച പ്രസ്തുത മുസ്ഹഫ് അബൂബക്ര്‍(റ) തന്റെ സംരക്ഷണത്തില്‍ സൂക്ഷിച്ചു. പിന്നീട് ഉമര്‍(റ) ന്റെ കൈവശമായിരുന്നു. ഉമര്‍(റ) ന്റെ വഫാത്തിന് ശേഷം മകള്‍ ഹഫ്‌സ്വ (റ)യാണ് പ്രസ്തുത മുസ്ഹഫ് സൂക്ഷിച്ചിരുന്നത്.
അബൂബക്ര്‍(റ) ന്റെ മുസ്ഹഫിന്റെ പ്രത്യേകതകള്‍
അബൂബക്ര്‍(റ) ന്റെ കാലത്തെ മുസ്ഹഫ് ക്രോഢീകരണത്തിന് ചില പ്രത്യേകതകളുണ്ട്.
1. അതിസൂക്ഷമ പരിശോധനകള്‍ക്കും സ്‌കലിത മുക്തമായ സാക്ഷ്യപ്പെടുത്തലുകള്‍ക്കും ശേഷമായിരുന്നു അത്.
2. പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട ഒന്നും അതില്‍ ചേര്‍ക്കപ്പെട്ടില്ല.
3. ഉമ്മത്തിന്റെ ഇജ്മാഅ് ഈ ക്രോഢീകരണത്തിനുണ്ട്.
4. സ്ഥിരപ്പെട്ട ഏഴ് പാരായണ ശൈലികളെയും അതുള്‍ക്കൊള്ളുന്നു.
ഈ സമാഹാരത്തെ ശ്ലാഘിച്ചുകൊണ്ട് അലി(റ) പറഞ്ഞു.”മുസ്ഹഫ് ക്രോഢീകരണത്തില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നത് അബൂബക്ര്‍(റ)നാണ്. അവര്‍ക്ക് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. അവരാണ് ആദ്യം ഖുര്‍ആന്‍ ക്രോഢീകരിച്ചത്”.
ഉസ്മാന്‍(റ) കാലത്തെ ക്രോഢീകരണം
അബൂബക്ര്‍ (റ)ന്റെ കാലത്തെ ക്രോഢീകരണ പശ്ചാതലത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ഉസ്മാന്‍(റ) ന്റെ ക്രോഢീകരണ കാരണം. ഇസ്‌ലാം ഒരു വലിയ സാമ്രാജ്യമായി ഉസ്മാന്‍(റ) ന്റെ കാലം വികസിച്ചിരുന്നു. വിവിധ രാജ്യങ്ങളിലായി മുസ്‌ലിം സമൂഹം പരന്ന് കിടന്നു. അവിടങ്ങളിലെല്ലാം വിവിധ സ്വഹാബികളുടെ പാരായണ ശൈലികള്‍ പ്രചരിച്ചു. സിറിയന്‍ നാടുകളില്‍ ഉബയ്യുബ്‌നു കഅ്ബ്(റ) ന്റെ പാരായണ ശൈലിയാണ് പ്രചാരപ്പെട്ടത്. കൂഫയില്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ന്റെയും മറ്റു പലനാടുകളിലും അബൂമൂസല്‍ അശ്അരി(റ) ന്റെയും പാരായണ ശൈലിയാണ് മേല്‍കൈ നേടിയത്.
അര്‍മീനിയ, അസര്‍ബൈജാന്‍ എന്നീ രാജ്യക്കാരോടുള്ള ഒരു യുദ്ധവേളയില്‍ സിറിയക്കാരും ഇറാഖുകാരും സന്ധിക്കാനിടയായി. പാരായണ ശൈലിയിലെ വിത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ആശയയുദ്ധത്തിന് കാരണമായി. ഓരോരുത്തരും തങ്ങളുടേതാണ് ശരിയെന്ന് വാദിച്ചു. അപരര്‍ ഖുര്‍ആനില്‍ പിഴവ് സംഭിവിച്ചവരാണെന്ന് ഓരോരുത്തരും പക്ഷംപിടിച്ചു. ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ബോധ്യപ്പെട്ട ഹുദൈഫതുല്‍യമാന്‍(റ) കാര്യം ഖലീഫയുടെ ശ്രദ്ധയില്‍ പെടുത്തി. ജൂതക്രൈസ്തവ വിഭാഗങ്ങള്‍ വേദഗ്രന്ഥത്തില്‍ ഭിന്നിച്ചത്‌പോലെ നമ്മുടെ സമൂഹം ഭിന്നിക്കാതിരിക്കാന്‍ താങ്കള്‍ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ഉസ്മാന്‍(റ) നോട് ആവശ്യപ്പെട്ടു. തതടിസ്ഥാനത്തില്‍ ഹഫ്‌സാ(റ) യുടെ പക്കലേക്ക് ഖലീഫ ദൂതനെ അയച്ചു. അവരുടെ പക്കലുള്ള മുസ്ഹഫ് ആവശ്യപ്പെട്ടുകൊണ്ടാണ് ദൂതനെ അയച്ചത്. ദൂതന്‍ മുസ്ഹഫുമായി ഖലീഫയുടെ അടുത്തെത്തി. സൈദ്(റ) ന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ പ്രസ്തുത മുസ്ഹഫ് പകര്‍ത്താന്‍ ഏല്‍പിച്ചു. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), സഈദുബ്‌നുല്‍ ആസ്വ്(റ) അബ്ദുര്‍റഹ്മാനുബ്‌നു ഹാരിസ്(റ) എന്നിവരായിരുന്നു സംഘങ്ങള്‍. അബ്ദുല്ലാഹിബ്‌നു അംറ്ബ്‌നുല്‍ ആസ്വ്(റ) അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) നെയും പന്ത്രണ്ട് സ്വഹാബികളെ അവര്‍ക്ക് സഹായത്തിനായി നിശ്ചയിച്ചിരുന്നു. സഈദുബ്‌നുല്‍ ആസ്വ്(റ) വായിച്ചു കൊടുത്തത് പ്രകാരം സൈദ്(റ) പകര്‍ത്തി എഴുതി. പകര്‍പ്പുകള്‍ ഉസ്മാന്‍(റ) പരിശോധിച്ച് ഉറപ്പുവരുത്തി. ഒന്നിലധികം ശൈലികളില്‍ ഓതാവുന്ന പല വാക്കുകളും ഖുര്‍ആനിലുണ്ട്. ഒരേ എഴുത്തില്‍ തന്നെ അവ ഉള്‍കൊള്ളണമെന്നതിനാല്‍ അകാര-ഉകാരാദികളും ശദ്ദ്,മദ്ദ്, ഹംസ എന്നിവകളും ഇല്ലാതെയാണ് മുസ്ഹഫുല്‍ ഇമാം തയ്യാറാക്കപ്പെട്ടത്. തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയിലാണ് ഹഫ്‌സ(റ)യില്‍ നിന്ന് മുസ്ഹഫ് വാങ്ങിയതെന്നതിനാല്‍ അത് അവരെ തിരിച്ചേല്‍പിച്ചു. മറ്റുള്ളവയെല്ലാം കരിച്ചു കളയുകയും ചെയ്തു. മര്‍വാന്റെ കാലത്താണ് അബൂബക്ര്‍(റ) കാലത്ത് തയ്യാറാക്കപ്പെട്ട മുസ്ഹഫ് നശിപ്പിക്കപ്പെട്ടത്. റസ്മ് ഉസ്മാനി മാത്രമേ ശേഷിക്കാവൂ എന്ന സദുദ്ദേശ്യപരമായിരുന്നു അതിനുപിന്നില്‍.
സൈദ്(റ) പകര്‍ത്തിയ മുസ്ഹഫുകള്‍ മക്ക, സിറിയ, കൂഫാ, ബസറ, ബഹറൈന്‍, യമന്‍ എന്നീ പ്രദേശങ്ങളിലേക്ക് കൊടുത്തയച്ചു. ഒന്ന് ഖലീഫ സൂക്ഷിക്കുകയും ചെയ്തു. ഓരോ ദേശങ്ങളിലേക്കും മുസ്ഹഫുകള്‍ കൊടുത്തയച്ചപോലെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഓരോ സ്വഹാബികളെയും നിയോഗിച്ചിരുന്നു. മദീനയില്‍ സൈദുബ്‌നു സാബിത് (റ)നെയും മക്കയിലേക്ക് അബ്ദുല്ലാഹിബ്‌നുസ്സാഇബ്(റ)നെയുമാണ് നിയോഗിച്ചത്. മുഗീറ(റ) അബൂഅബ്ദിറഹ്മാനുസ്സുലമി(റ), ആമിറുബ്‌നു അബ്ദില്‍ ഖൈസ്(റ) എന്നിവരെ യഥാക്രമം മക്ക, കൂഫ,ബസ്വറ എന്നിവടങ്ങളിലെ മുസ്ഹഫുകള്‍ക്കൊപ്പം നിയോഗിക്കപ്പെട്ടവരാണ്. ബഹറൈന്‍, യമന്‍ എന്നിവടങ്ങളിലേക്ക് ആരെയാണ് പറഞ്ഞയച്ചതെന്ന് ചരിത്രത്തില്‍ വ്യക്തമല്ല.
അബൂബക്ര്‍(റ) വാണ് ആദ്യം ഖുര്‍ആന്‍ ക്രോഢീകരിച്ചതെങ്കിലും ജാമിഉല്‍ഖുര്‍ആന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് ഉസ്മാന്‍(റ) ആണ്. കാരണം അബൂബക്ര്‍(റ) ഖുര്‍ആന്‍ ക്രോഢീകരിച്ചത് ജനങ്ങള്‍ക്ക് ഓതാന്‍ വേണ്ടിയായിരുന്നില്ല. ഖുര്‍ആനില്‍നിന്ന് ഒരക്ഷരംപോലും നഷ്ടപ്പെടാതിരിക്കാനും പ്രശ്‌നഘട്ടങ്ങളില്‍ അവലംബിക്കാനുമായിരുന്നു. ക്രോഢീകരണത്തിന്റെ കാരണം ഹാഫിളുകളുടെ മരണമായിരുന്നു.
പാരായണ ശൈലിയില്‍ ജനങ്ങളുടെ ഭിന്നത രൂക്ഷമായപ്പോള്‍ ഒരു ക്രോഢീകരണം വഴി അവര്‍ക്കിടയിലെ അനൈക്യം തീര്‍ക്കുകയായിരുന്നു ഉസ്മാന്‍ (റ). അതുകൊണ്ടാണ് അദ്ദേഹത്തെ ജാമിഉല്‍ ഖുര്‍ആന്‍ എന്ന് വിളിച്ചത്.
വഹ്‌യ് എഴുത്തുകാര്‍
ദിവ്യസന്ദേശവുമായി ജിബ്‌രീല്‍(അ) അവതരിക്കുമ്പോള്‍ നബി(സ്വ) അവകള്‍ ഹൃദിസ്ഥമാക്കും. പിന്നീട് സ്വഹാബികള്‍ക്ക് അത് ഓതിക്കേള്‍പ്പിക്കും. അവരും അത് മനഃപാഠമാക്കും. ഇറക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതിവെക്കാനും നബി(സ്വ) കല്‍പിക്കും. ഖുര്‍ആനല്ലാതെ മറ്റൊന്നും എന്നില്‍ നിന്ന് നിങ്ങള്‍ എഴുതിവെക്കരുതെന്ന് നബി(സ്വ) നിഷ്‌കര്‍ശിച്ചിരുന്നു. ഖുര്‍ആനുമായി മറ്റൊന്നും ഇടകലരാതിരിക്കാന്‍ വേണ്ടിയായിരുന്നു അപ്രകാരം കല്‍പിച്ചത്. ഈത്തപ്പനയുടെ ഓല ഉരിച്ചുകളഞ്ഞ മട്ടല്‍,കല്‍പാളികള്‍,തോല്‍ കഷ്ണങ്ങള്‍ എന്നിവയിലായിരുന്നു ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നത് . വഹ്‌യ് എഴുതിവെക്കുന്ന നിരവധി സ്വഹാബികള്‍ ഉണ്ടായിരുന്നു. ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട എഴുത്തുകാര്‍ ഇവരാണ്. അലി(റ), ഉസ്മാന്‍(റ), അബൂബക്കര്‍(റ), ഉമര്‍(റ), ഖാലിദുബ്‌നു സഈദ്(റ), അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ അസദ്(റ), ആമിറുബ്‌നു ഫുഹൈറ(റ), അര്‍ഖമുബ്‌നുല്‍ അര്‍ഖം(റ), ജഅ്ഫറുബ്‌നു അബീത്വാലിബ്(റ), ഹാത്വിബുബ്‌നു അംദ്(റ), സുബൈറുബ്‌നുല്‍ അവ്വാം(റ), ത്വല്‍ഹത്തുബ്‌നു ഉബൈദില്ല(റ), അബ്ദുല്ലാഹിബ്‌നു അബീബക്കര്‍(റ), അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ), ഖാലിദുബ്‌നു സൈദ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ), മുആദുബ്‌നു ജബല്‍(റ), മുഐഖിബ്(റ), അബ്ദുല്ലാഹിബ്‌നു അബ്ദില്ല(റ), അബ്ദുല്ലാഹിബ്‌നു സൈദ്(റ), മുഹമ്മദുബ്‌നു ഉസ്‌ലമ(റ), ബുറൈദ(റ), സാബിത്ബ്‌നു ഖൈസ്(റ), ഹുദൈഫത്തുല്‍ യമാന്‍(റ), ഹന്‍ള്വല(റ), അബ്ദുല്ലാഹിബ്‌നു സഅദ്(റ), അബൂസുഫ്‌യാന്‍(റ), മുആവിയ്യ(റ), ഖാലിദുബ്‌നു വലീദ്(റ), ജുഹ്മുബ്‌നു സല്‍ത്വ്(റ), ജുഹ്മുബ്‌നു സഅ്ദ്(റ), അബ്ദുല്ലാഹിബ്‌നു സഅദ്(റ), അബ്ബാസ്(റ), അബ്ബാനുബ്‌നു സഈദ്(റ), മുഗീറതുബ്‌നു ശുഅ്ബ(റ), അംറുബ്‌നുല്‍ ആസ്വ്(റ), ശുറന്‍വീല്‍(റ), അലാഅ്(റ) ഇവരില്‍ ഏറ്റവും പ്രധാനികളെ ഹൃസ്വമായി പരിചയപ്പെടുത്തുകയാണ്.
സൈദുബ്‌നു സാബിത്(റ)
മദീനയിലെ ബനൂ നജ്ജാര്‍ ഗോത്രമാണ് സൈദ്(റ) ന്റേത് പിതാവ് സാബിത്, ഹവ്വാര്‍ ആണ് മാതാവ്. ക്രിസ്താബ്ദം 611 ലാണ് ജനനം, അന്‍സ്വാരീ വനിതയായ ഉമ്മുല്‍ അലാഅ്(റ) യാണു ഭാര്യ. കാരിജത്ബ്‌നു സൈദ്(റ) മകനാണ്. യതീമായിട്ടാണ് മഹാനവര്‍കള്‍ വളര്‍ന്നത്. പതിനൊന്നാം വയസ്സില്‍ ബുഗാസാ നാളില്‍ പിതാവ് കൊല്ലപ്പെട്ടു. കുടുംബത്തോടൊപ്പം അദ്ദേഹം നബി(സ്വ) യില്‍ വിശ്വസിച്ചു. നബി(സ്വ) അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയുണ്ടായി, കുശാഗ്ര ബുദ്ധിയുടേയും അസാമാന്യ സാമര്‍ഥ്യത്തിന്റേയും ഉടമയായിരുന്നു അദ്ദേഹം. ഭാഗമായി വിവധ രാജാക്കന്മാര്‍ക്ക് കത്തെഴുതാന്‍ നബി(സ്വ) തീരുമാനിച്ചു. അപ്പോള്‍ അവരുടെ ഭാഷകള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയത് സൈദ്(റ) നെയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പലഭാഷകളും അദ്ദേഹം സ്വായത്തമാക്കി. പതിനഞ്ച് ദിവസത്തിനുള്ളില്‍ അദ്ദേഹം ജൂതന്മാരുടെ ഒരു ഗ്രന്ഥം മനഃപാഠമാക്കുകയുറണ്ടായി. നബി(സ്വ) ജൂതന്മാര്‍ക്ക് കത്തെഴുതിയിരുന്നതും അവരുടെ എഴുത്തുകള്‍ നബി(സ്വ) ക്ക് വായിച്ചു കൊടുത്തിരുന്നതും അദ്ദേഹമായിരുന്നു. ജൂതരുടെ ഗ്രന്ഥം പഠിക്കാന്‍ നിര്‍ദേശിച്ച പ്രകാരം സുരിയാനി ഭാഷ പഠിക്കാനും നബി(സ്വ) അദ്ദേഹത്തേട് കല്‍പിച്ചു. പതിനേഴ് ദിവസംകൊണ്ടാണ് പ്രസ്ഥുത ഭാഷയില്‍ അദ്ദേഹം അവഗാഹം നേടിയത്. ഖുര്‍ആന്‍ നബി(സ്വ) യില്‍ നിന്ന് കേള്‍ക്കുന്നമാത്രയില്‍ അദ്ദേഹം മനഃപാഠമാക്കി. വഹ്‌യ് ഇറങ്ങിയാല്‍ നബി(സ്വ) അതെഴുതിവെക്കാന്‍ സൈദ്(റ) നോട് കല്‍പിച്ചിരുന്നു. എന്റെ സമൂഹത്തില്‍ അനന്തരാവകാശ സംബന്ധിയായ വിജ്ഞാനത്തില്‍ ഏറ്റവും അവഗാഹമുള്ളത് സൈദ്(റ) ആണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
ഖുര്‍ആനിലുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അറിവിനെ എല്ലാവരും അംഗീകരിച്ചിരുന്നു. വഫാത്തിന്റ വര്‍ഷം ഖുര്‍ആന്‍ രണ്ടുതവണ ഓതിക്കേള്‍പ്പിച്ചിരുന്നു. ഒന്നാം ഖലീഫ അബൂബക്കര്‍(റ) ന്റെയും മൂന്നാം ഖലീഫ ഉസ്മാന്‍(റ) ന്റേയും കാലഘട്ടങ്ങളില്‍ നടന്ന ഖുര്‍ആന്‍ ക്രോഡീകരണ ചുമതല ഏല്‍പിക്കപ്പെട്ടത് സൈദ്(റ) നെയായിരുന്നു. നബി(സ്വ) യുടെ കാലത്ത് നടന്ന നിരവധി യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. നബി(സ്വ) യുടെ വഫാത്തിന് ശേഷം മുഹാജിറുകളും അന്‍സ്വാറുകളും ബനൂസാഇദയുടെ പന്തലില്‍ സമ്മേളിച്ചു, ആര് ഖലീഫയാകണമെന്ന ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു അഭിപ്രായഭിന്നത രൂക്ഷമായ സന്ദര്‍ഭത്തില്‍ സുചിന്തിതമായ തീരുമാനം പ്രഖ്യാപിച്ചത് സൈദ്(റ) ആയിരുന്നു. മുഹാജിറുകളില്‍നിന്നു തന്നെയാണു ഖലീഫയെ തെരഞ്ഞെടുക്കപ്പെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. അത് എല്ലാവരും അംഗീകരിച്ചു. ഹിജ്‌റ 42 ല്‍ മുആവിയ(റ) ന്റ കാലത്ത് അദ്ദേഹം വഫാത്തായി.”ഉമ്മത്തിലെ പണ്ഡിതന്‍ ദ്വിവംഗതനായി” എന്നായിരുന്നു അബൂഹുറൈറ(റ) സൈദ്(റ) ന്റെ മരണത്തെ അനുശേചിച്ചത്.
ഉബയ്യുബ്‌നു കഅ്ബ്(റ)
”നാലു പേരില്‍ നിന്നും ഖുര്‍ആന്‍ പഠിക്കുക. ഇബ്‌നു മസ്ഊദ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), മുആദുബ്‌നു ജബല്‍(റ), സാലിം(റ) എന്നിവരാണവര്‍” എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. വഹ്‌യ് എഴുത്തുകാരില്‍ പ്രധാനിയായ ഉബയ്യുബ്‌നു കഅ്ബ്(റ) ന്റെ വൈജ്ഞാനിക മികവ് ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാം. നബി(സ്വ) യുടെ മദീനാ ഹിജ്‌റക്ക് പശ്ചാതലമൊരുക്കിയ രണ്ടാം അഖബാ ഉടമ്പടിയില്‍ സംബന്ധിച്ച പ്രമുഖനാണ് അദ്ദേഹം വഹ്‌യ് എഴുത്തുകാരന്‍ എന്നതിലുപരി വലിയ പണ്ഡിതനും വശ്യമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഖാരിഉമായിട്ടാണ് സ്വഹാബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഖസ്‌റജ് ഗോത്രക്കാരനായ ഉബയ്യ്(റ) നെ ‘അബുല്‍ മുന്‍ദില്‍’ എന്നാണ് നബി(സ്വ) വിളിച്ചിരുന്നത്. അബൂത്വല്‍ഹത്തുല്‍ അന്‍സ്വാരി(റ) ന്റെ പിതൃസഹോദരി സുലൈഖയാണ് മാതാവ്. ഖുര്‍ആനലെ ഏറ്റവും ഉത്തമമായ ആയത്തേതാണെന്ന് ഒരിക്കല്‍ ഉബയ്യ്(റ) നോട് നബി(സ്വ) ചോദിച്ചപ്പോള്‍ ആയതുല്‍കുര്‍സിയ്യ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറുപടിയില്‍ സന്തുഷ്ഠനായ നബി(സ്വ) അദ്ദേഹത്തിന്റെ നെഞ്ചത്തടിച്ചു. ജ്ഞാന തപസ്യ അങ്ങയെ ആവേശ ഭരിതനാകട്ടെ! അബുല്‍ മുന്‍ദിര്‍ എന്നാശംസിക്കുകും ചെയ്തു. പരിത്യാഗത്തിന്റ പരിഛേതമായിരുന്നു ഉബയ്യ്(റ). ജ്ഞാനാന്വേശ്വകനായി ജുന്‍ദുബുല്‍ ബജലി(റ) ഒരിക്കല്‍ മദീനയിലെത്തി അന്നേരം മദീനാ പള്ളിയില്‍ ജനങ്ങള്‍ കൂട്ടംകൂടി സംസാരിക്കുകയായിരുന്നു. ജനമധ്യത്തില്‍ പരിക്ഷീണിതനായ ഒരാളെ അദ്ദേഹത്തിനു കാണാനായി”സമ്പന്നര്‍ നാശമടുഞ്ഞിരിക്കുന്നു, കഅ്ബയുടെ രക്ഷിതാവ് തന്നെ സത്യം, ഞാന്‍ അവരുടെ മേല്‍ ഖേദിക്കുന്നില്ല” ഇത് പല ആവര്‍ത്തി പറയുന്നത് അദ്ദേഹം കേട്ടു. അപ്പോള്‍ അയാളെക്കുറിച്ച് ജുന്‍ദുബ്(റ) അന്വേഷിച്ചു, മുസ്‌ലിംകളുടെ നേതാവ് ഉബയ്യുബ്‌നു കഅ്ബ്(റ) ആണെന്നാണ് മറുപടി കിട്ടിയത്. അദ്ദേഹം ഉബയ്യ(റ) നെ പിന്തുടര്‍ന്നു അദ്ദേഹത്തിന്റെ വീട്ടിലെത്തി. കാലപ്പഴക്കം ചെന്ന ഒരു കുടിലായിരുന്നു അദ്ദേഹത്തിന്റേത്, വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമൊക്കെ പഴകി ദ്രവിച്ചതായിരുന്നു. എല്ലാ ഐഹിക സുഖങ്ങളേയും ത്യജിച്ച ത്യാഗിയായിരുന്നു അദ്ദേഹം.
സൂക്ഷ്മത നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നബി(സ്വ) മേല്‍ സ്വലാത്ത് ചൊല്ലി ആത്മാനാന്ദം കണ്ടെത്തിയ ആശിഖായിരുന്നു അദ്ദേഹം. നബി(സ്വ) യുടെ വഫാത്തിന് ശേഷവും പ്രവാചക കാലത്തു ജീവിച്ചതുപോലെ ധ്യാനത്തിലും ത്യാഗത്തിലുമായി അദ്ദേഹം ജീവിച്ചു. ”നബി(സ്വ) യുടെ കാലത്ത് നമ്മുടെ ദിശ ഒന്നായിരുന്നു. അവിടുത്തെ വഫാത്തിനു ശേഷം നാം ഇടതും വലതും മുഖം തിരിച്ച് ഭിന്നിച്ചിരിക്കുന്നു” എന്നദ്ദേഹം സ്വഹാബികളെ ഓര്‍മിപ്പിക്കുമായിരുന്നു.
പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു ഉബയ്യ്(റ). പല വിപല്‍ സന്ധികളിലും മുസ്‌ലിംകള്‍ക്ക് അദ്ദേഹത്തിന്റെ പ്രാര്‍ഥന ഫലം ചെയ്തിട്ടുണ്ട്. പനി ബാധിച്ചുകൊണ്ടാണ് അദ്ദേഹം വഫാത്തായത്. ഹിജ്‌റ 30 ലായിരുന്നു വഫാത്ത്. രോഗിയായി വിഷമിച്ചിരിക്കുമ്പേഴും നിസ്‌കാരമോ, നോമ്പോ മറ്റു കര്‍മങ്ങളോ അദ്ദേഹം മുടക്കിയിരുന്നില്ല.
മുആദുബ്‌നു ജബല്‍(റ)
തബൂക്ക് യുദ്ധാനന്തരം യമനിലേക്ക് ഖാസിയായി നബി(സ്വ) നിയമിച്ച സ്വഹാബിയാണ് മുആദ്(റ). ”എന്റെ ഉമ്മത്തില്‍ ഹലാല്‍, ഹറാം വിഷയ സംബന്ധിയായി ഏറ്റവും അറിവുള്ളവന്‍ മുആദ്(റ) വാണെ”ന്ന് നബി(സ്വ) ശ്ലാഖിച്ചിട്ടുണ്ട്. മദീനാ നിവാസിയായ അദ്ദേഹം ഖസ്‌റജ് ഗോത്രക്കാരനാണ്. അബൂഅബ്ദി റഹ്മാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. പതിനെട്ടാം വയസ്സില്‍ മുആദ്(റ) ഇസ്‌ലാം സ്വീകരിച്ചു. യമനില്‍ ഖാസിയായി നിയോഗിക്കപ്പെട്ടത് ഇരുപത്തിയെട്ടാം വയസ്സിലായിരുന്നു. മുആദ്(റ) മായി നബി(സ്വ) വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്നു. മുആദ്(റ) നെ യമനിലേക്ക് യാത്രയയക്കാന്‍ വേണ്ടി അദ്ദേഹം വാഹനപ്പുറത്ത് കയറി, നബി(സ്വ) കൂടെ നടന്നു, പല നിര്‍ദേശങ്ങളും നല്‍കി അവസാനം നബി(സ്വ) പറഞ്ഞു: ”മുആദ്, ഒരു പക്ഷേ അടുത്ത വര്‍ഷം താങ്കള്‍ക്കെന്നെ കാണാന്‍ കഴിഞ്ഞേക്കില്ല. താങ്കള്‍ എന്റ പള്ളിയുടേയും മിമ്പറിന്റെയും അടുത്തുകൂടെ നടന്നേക്കാം”. ഇതുകേട്ട മുആദ്(റ) നബി(സ്വ) യുടെ വേര്‍പാടില്‍ മനംനൊന്ത് പൊട്ടിക്കരഞ്ഞു. പിന്നീട് സാന്നിധ്യത്തിലും അസാനിധ്യത്തിലും കൂടെ ജീവിതം നയിക്കുന്നവരാണ് ജനങ്ങളില്‍ എന്നോട് ഏറ്റം ചേര്‍ന്നവന്‍ എന്ന് പറഞ്ഞുകൊണ്ട് നബി(സ്വ) മദീനയിലേക്ക് തിരിച്ചു.
”മുആദ്, അല്ലാഹുവിനുവേണ്ടി ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു” എന്ന് മുആദ്(റ) നെ അഭിസംബോധനം ചെയ്തുകൊണ്ട് നബി(സ്വ) പറഞ്ഞു. ആരാധനയിലും സൂക്ഷ്മതയിലും പരിത്യാഗത്തിലും ഉമ്മതിന് മാതൃകയായിരുന്നു മുആദ്(റ). ഇസ്‌ലാമിന്റെ സന്ദേശം വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട് മുആദ്(റ).ഫലസ്തീന്‍ ഗ്രാമമായ അവാമിസില്‍(ഋാാമൗ)െ വെച്ച് പ്ലാക് ബാധിച്ച് മുപ്പത്തിയെട്ടാം വയസ്സില്‍ അദ്ദേഹം ദിവംഗതനായി. ഖുര്‍ആന്‍ പാരായണത്തില്‍ അനുകരണീയനാണ് മുആദ്(റ) യെന്ന് നബി(സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മുആവിയതുബ്‌നു അബീസുഫ്‌യാന്‍(റ)
വഹ്‌യ് എഴുത്തുകാരില്‍ പ്രമുഖരായി ഗണിക്കപ്പെടുന്ന സ്വഹാബിയാണ് മുആദ്(റ). അബൂസുഫ്‌യാന്‍(റ) വാണ് പിതാവ്, ഹിജ്‌റയുടെ അഞ്ച് വര്‍ങ്ങള്‍ക്കു മുന്‍പ് ക്രിസ്താബ്ദം 602 ല്‍ അദ്ദേഹം മക്കയില്‍ ജനിച്ചു. ഹുദൈബിയ സന്ധിയുടെ ഉടനെ വിശ്വസിച്ചെങ്കിലും വിശ്വാസം രഹസ്യമാക്കി, മക്കം ഫത്ഹിനു ശേഷമാണ് പരസ്യപ്പെടുത്തിയത്. വിശ്വസിച്ച ശേഷം നബി(സ്വ) യോട് ഏറെ അടുപ്പം പുലര്‍ത്തി. നയതന്ത്രജ്ഞനും മികച്ച രാഷ്ട്ര മീംമാംസകനുമായ മുആവിയ(റ) ഖുലഫാഉ റാശിദുകളുടെ കാലത്ത് ഭരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഹിജ്‌റ 21 ല്‍ ഉമര്‍(റ) ന്റെ ഭരണകാലത്ത് ശാം നാടുകളിലെ ജോര്‍ദാനില്‍ ഗവര്‍ണറായി നിശ്ചയിക്കപ്പെട്ടു. സഹോദരന്‍ യസീദ്(റ) ന്റെ മരണശേഷം ഡമസ്‌കസിന്റേയും പരിസര പ്രദേശങ്ങളുടേയും ചുമതല അദ്ദേഹത്തെ ഏല്‍പിക്കപ്പെട്ടു. ഉസ്മാന്‍(റ) ന്റെ കാലത്ത് ശാം നാടുകളിലെ മുഴുവന്‍ അധികാരവും മുആവിയ(റ) നെ ഏല്‍പിക്കുകയുണ്ടായി.
ഉസ്മാന്‍(റ) ന്റെ വഫാത്തിനു ശേഷം അലി(റ) ഖലീഫയായി ബൈഅത് ചെയ്യപ്പെട്ടു. ശേഷം ഹസന്‍(റ) വും ഹുസൈന്‍(റ) വും ഭരണം മുആവിയ(റ) നെ ഏല്‍പിച്ച് സ്ഥാനത്യാഗം ചെയ്തു. അങ്ങനെയാണ് ഡമസ്‌കസ് കേന്ദ്രമായി അമവിഭരണകൂടം സ്ഥാപിതമായത്. മുസ്‌ലിം സമൂഹം വലിയ വളര്‍ച്ചയും വികാസവും നേടിയ കാലമായിരുന്നു മുആവിയ(റ) ന്റേത്. ഭരണതലത്തില്‍ നിരവധി പരിഷ്‌കരണങ്ങള്‍ മുആവിയ(റ) കൊണ്ടുവന്നു.
നബി കുടുംബത്തേട് വളരെ അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹം അവരെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. പലപ്പോഴും അവര്‍ക്ക് വലിയ ധനസഹായം ചെയ്യാനും അദ്ദേഹം സന്നദ്ധനായി. ഇരുപ് വര്‍ഷം അദ്ദേഹം ഭരണം നടത്തി. ഹിജ്‌റ 60 ല്‍ 78 ാം വയസ്സില്‍ അദ്ദേഹം വഫാതായി. ഡമസ്‌കസിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
അബൂബക്ര്‍ സിദ്ദീഖ് (റ)
വഹ്‌യ് എഴുത്തുകാരില്‍ ശ്രദ്ധേയ സ്ഥാനം അലങ്കരിക്കുന്നവരാണ് അബൂബക്കര്‍(റ). നബി(സ്വ) യുടെ ഉത്തരാധികാരി, ഒന്നാം ഖലീഫ, ഹിജ്‌റയിലെ സഹയാത്രികന്‍, അമ്പിയാക്കള്‍ക്കു ശേഷം ഏറ്റവും ഉത്തമനായ വ്യക്തി, വിശ്വാസത്തലും പരിത്യാഗത്തിലും സ്വാഹാബികളില്‍ ഒന്നാമന്‍ ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍. ക്രസ്താബ്ദം 573 ല്‍ അദ്ദേഹം ജനിച്ചു. നബി(സ്വ) ക്കു നുബുവ്വത്തു വഭിച്ചു പ്രബോധനം തുടങ്ങിയപ്പോള്‍ ആദ്യം വിശ്വസിച്ചത് അബൂബക്കര്‍(റ) ആയിരുന്നു. പിന്നീട് നിഴല്‍പോലെ നബി(സ്വ) യെ പുന്‍തുടര്‍ന്നു. ജീവനും സമ്പാദ്യവുമെല്ലാം ഇസ്‌ലാമിനു വേണ്ടി സമര്‍പിച്ചു. അബൂബക്കര്‍(റ) സമ്പാദ്യം എനിക്കുപകരിച്ച പോലെ മറ്റൊരാടു ധനം എനിക്കുപകരിച്ചപോലെ മറ്റാരുടേയും ധനം എനിക്കുപകരിച്ചിട്ടില്ലെന്ന് നബി(സ്വ) ഒരിക്കല്‍ പറയുകയുണ്ടായി. എല്ലായുദ്ധങ്ങളിലും നബി(സ്വ) യോടൊപ്പം അദ്ദേഹം പങ്കെടുത്തു. നബി(സ്വ) രോഗിയായപ്പോള്‍ ജനങ്ങള്‍ക്ക് ഇമാം നില്‍ക്കാന്‍ കല്‍പിക്കപ്പെട്ടത് അദ്ദേഹത്തെയായിരുന്നു. പ്രവാചകന്റെ വഫാത്തിനു ശേഷം സര്‍വാംകൃതമായി അദ്ദേഹം ഖലീഫയായി. ഒരുപാട് പ്രതിസന്ധികള്‍ ഭരണകാലത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അതെല്ലാം വിജയകരമായി അദ്ദേഹം അതിജീവിച്ചു. തിരിച്ചുപോയ അറബിഗോത്രങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത് അബൂബക്കര്‍(റ) സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമായിരുന്നു. സകാത്ത് നിഷേധപ്രസ്ഥാനത്തോട് അദ്ദേഹം വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. കള്ളപ്രവാചകന്മാരുടെ അരങ്ങേറ്റത്തേയും അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. മുസൈലിമത്തുല്‍കദ്ദാബിനോട് ശക്തമായ ഏറ്റുമുട്ടല്‍വരെ നടത്തേണ്ടിവന്നു. യമാമയില്‍ വെച്ചുനടന്ന യുദ്ധത്തില്‍ മുസൈലിമ കൊല്ലപ്പെട്ടു. നിരവധി ഹാഫിളുകളുടെ രക്തസാക്ഷിത്വത്തിന് യുദ്ധം നിമിത്തമായി.ഖുര്‍ആന്‍ ക്രോഡീകരണത്തിലേക്ക് നയിച്ച പശ്ചാതലം ഇതായിരുന്നു.
നിരവധി സൈനിക മുന്നേറ്റങ്ങള്‍ അബൂബക്കര്‍(റ) ന്റെ കാലത്തു നടന്നിട്ടുണ്ട്. യമാമ, ഒമാന്‍, മിഫ്‌റ, ഹളര്‍മൗത്, യമന്‍, ശാം, ബഹറൈന്‍, സ്വന്‍ആഅ്, തിഹാമ തുടങ്ങിയ അവിടങ്ങളിലെല്ലാം നാടുകളിലേക്കെല്ലാം അദ്ദേഹം സൈന്യത്തെ അയച്ചു. അപ്രതീക്ഷിത വിജയങ്ങളാണ് മുസ്‌ലീംകള്‍ക്കുണ്ടായത്. രണ്ട് വ്ഷവും ഏതാനും മാസങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അറുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം വഫാത്തായി. നബി(സ്വ) യുടെ ചാരത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
സ്വീദ്ദീഖ്, അതീഖ്, സ്വാഹിബ്, അത്ഖാ, അവ്വാഹ് തുടങ്ങിയ അപരനാമങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതുല്ല്യമായ ആ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നതാണ് ഇടവേരുകളൊക്കെ, ഖത്വീലബിന്‍ത് അബില്‍ഉസ്സ, ഉമ്മുറൂമാന്‍, അസ്മാഅ് ബിന്‍ത് അമീസ്, ഹബീബ ബന്‍ത് ഖാരിജ എന്നിവര്‍ ഭാര്യമാരാണ്. അബ്ദുറഹ്മാന്‍, അബ്ദുല്ല, മുഹമ്മദ് എന്നീ മൂന്ന് ആണ്‍മക്കളും അസ്മാഅ്, ആയിശ, ഉമ്മുകുല്‍സൂം എന്നീ മൂന്ന് പെണ്‍മക്കളും അദ്ദേഹത്തിനുണ്ട്. നൂറ്റി നാല്‍പത്തി രണ്ട് ഹദീസുകള്‍ അബൂബക്കര്‍(റ) നബി(സ്വ) യില്‍ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്.
ഉമര്‍(റ)
ഉമറുബ്‌നുല്‍ ഖത്വാബ്(റ) വഹ്‌യ് എഴുത്തുകാരില്‍ എടുത്തുപറയേണ്ടവരാണ്. നബി(സ്വ) യുടെ ജനനത്തിന്റെ പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉമര്‍(റ) ജനിച്ചത്. ബത്വാബ് പിതാവും ഹന്‍തമ മാതാവുമാണ്. ചെറുപ്രായത്തില്‍ ദ്വന്ദയുദ്ധം, കുതിരപ്പട, കവിത എന്നിവയിലെല്ലാം നൈപുണ്യം നേടി. ഉക്കാള്‍, മജന്ന, ദുല്‍ മജാസ് തുടങ്ങിയ കീര്‍ത്തിപ്പെറ്റ ചന്തകളില്‍ പോയി വ്യാപാര വിദ്യകള്‍ സ്വായത്തമാക്കി. അസാമാന്യ ബുദ്ധിശക്തിയും ധീരതയും നേതൃപാഠവവും ഉമര്‍(റ) ന്റെ പ്രത്യേകതയായിരുന്നു. സ്വാഹാബികളില്‍ രണ്ടാമനായി അദ്ദേഹം ഗണിക്കപ്പെട്ടു. അബൂബക്കര്‍(റ) ന്റെ ശേഷം ഭരണസാരധ്യം വഹിച്ചത് ഉമര്‍(റ) ആയിരുന്നു. അവിസ്മരണീയ ഭരണമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഒരുപാട് ഭരണപരിഷ്‌കരണങ്ങള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. നീതി നിഷ്ഠയും പ്രജാസ്‌നേഹവും കൊണ്ട് എല്ലാ ഭരണാധികാരികള്‍ക്കും അദ്ദേഹം മാതൃക കാണിച്ചു. അബൂബക്കര്‍(റ) തുടങ്ങിവെച്ച പലതും പൂര്‍ത്തീകരിച്ചത് ഉമര്‍(റ) ആയിരുന്നു. ഇറാഖ്, ഈജിപ്ത്, ലിബിയ, സിറിയ, പേര്‍ഷ്യ, ഖുറാസാന്‍, അര്‍മീനിയ, സിജിസ്താന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇസ്‌ലാമിനു കീഴില്‍ വന്നത് ഉമര്‍(റ) ന്റെ ഭരണകാലത്താണ്. ബൈതുല്‍ മുഖദ്ദസ് മോചിപ്പിച്ചത് ഉമര്‍(റ) ന്റെ ഭരണകാലത്തെ എടുത്തു പറയേണ്ട ഒരു നേട്ടമാണ്. സമ്പൂര്‍ണ മദ്യ നിരൊധനം, ഹീജാബിന്റെ ആയത്ത്, ഇബ്‌റാഹീം മഖാമില്‍ വെച്ചുള്ള നിസ്‌കാരകല്‍പന തുടങ്ങിയ പലഖുര്‍ആനിക ആഹ്വാനങ്ങളും ഉണ്ടായത് ഉമര്‍(റ) ന്റെ ഇടപെടല്‍ മൂലമായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനത്തിന്റെ ഫലമാണ് ഒന്നാം ഖുര്‍ആന്‍ ക്രോഡീകരണം തന്നെ. അബൂബക്കര്‍(റ) ന്റെ ഭരണത്തിലാണ് അങ്ങനെ ഒരു തീരുമാനം വന്നതെങ്കിലും അതിന്റെ പിന്നിലെ പ്രേരക ശക്തി ഉമര്‍(റ) ആയിരുന്നു. ആദ്യം ഉമര്‍(റ) ന്റ അഭിപ്രായം അബൂബക്കര്‍(റ) നിരസിച്ചെങ്കിലും അത്ശരിയാണെന്ന് പിന്നീടദ്ദേഹത്തിന് ബോധ്യമായി. ഉമര്‍(റ) ന്റെ അഭിപ്രായം പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ ദൂരവ്യപകമായ പ്രത്യാഘാതങ്ങള്‍ക്കത് കാരണമാവുമായിരുന്നു. ഖുര്‍ആന്‍ ഈ ഉമ്മത്തിന് കൈമോശം വന്നുപോകുമായിരുന്നു. ഖുര്‍ആന്‍ സംരക്ഷണം ഉമര്‍(റ) വിലൂടെ അല്ലാഹു നിറവേറ്റുകയായിരുന്നു.
ക്രിസ്താബ്ദം 644 ല്‍ അദ്ദേഹം വഫാത്തായി. റൗളാ ശരീഫില്‍ തന്റെ രണ്ടു മാതൃകാപുരുഷന്മാരുടെ കൂടെ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു. ഖരീബ, മുലൈഖ, ജമീല, ആതിഖ, ഉമ്മുല്‍ ഹക്കീം, ഉമ്മുകുല്‍സൂം എന്നിവര്‍ ഭാര്യമാരാണ്. നബി(സ്വ) യുടെ ഭാര്യ ഹഫ്‌സ(റ) ഉള്‍പ്പടെ പന്ത്രണ്ട് മക്കള്‍ ഉമര്‍(റ) വുനുണ്ട്.
ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
വഹ്‌യ് എഴുത്തുകാരനായ ഉസമാന്‍(റ) ജാമിഉല്‍ ഖുര്‍ആന്‍ എന്നപേരിലാണ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. ക്രസ്താബ്ദം 576 ല്‍ ജനിച്ചു. ആദ്യകാലത്തു തന്നെ നബി(സ്വ) യെ വിശ്വസിച്ചു. ആദ്യം നബി(സ്വ) യുടെ മകള്‍ റുഖിയ്യയെ വിവാഹം കഴിച്ചു. അവരുടെ മരണശേഷം മറ്റൊരു മകള്‍ ഉമ്മുകുല്‍സൂമിനെ വിവാഹം ചെയ്തു. നബി(സ്വ) യുടെ രണ്ടു മക്കളെ ഇണകളാക്കാന്‍ ഭാഗ്യം സിദ്ധിച്ചത് കാരമാണ് ‘ദുന്നൂറൈന്‍’ എന്ന് ഉസ്മാന്‍(റ) അഭിസംബോധനം ചെയ്യപ്പെടുന്നത്. എത്യേപ്യയിലേക്കു ഹിജ്‌റ പോയ ആദ്യ സംഘത്തില്‍ ഉസ്മാന്‍(റ) വും ഭാര്യയുമുണ്ടായിരുന്നു. അഫ്ഫാന്‍ എന്നവരാണ് പിതാവ്, അര്‍വ മാതാവും. വലിയ സമ്പന്നനും വര്‍ത്തക പ്രമാണിയുമായിരുന്നു അദ്ദേഹം. പല പ്രതിസന്ധി ഘട്ടങ്ങളിലും നബി(സ്വ) യെ സാമ്പത്തികമായി സഹായിച്ചത് ഉസ്മാന്‍(റ) ആയിരുന്നു. ബിഅ്‌റുമ, മുസ്‌ലിംകള്‍ക്കുവേണ്ടി വിലകൊടുത്തു വാങ്ങി വഖ്ഫ് ചെയ്തും ജൈശുല്‍ ഉസ്‌റയെ ധനം നല്‍കി സഹായിച്ചും അദ്ദേഹം സ്വര്‍ഗം കരസ്ഥമാക്കുകയായിരുന്നു.
ഉമര്‍(റ) ന്റെ രക്തസാക്ഷിത്വത്തിനുശേഷം ഖലീഫയായി ബൈഅത്തു ചെയ്യപ്പെട്ടത് ഉസ്മാന്‍(റ) ആയിരുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായകമായി അടയാളപ്പെടുത്തപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഭരണകാലം. മസ്ജിദുന്നബവിയെ വിശാലമാക്കിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഖുര്‍ആന്‍ പാരായണത്തിനും എഴുത്തിനും ഏകീകൃതമായി ശൈലിയും രൂപവും കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഉസ്മാന്‍(റ) നാമത്തെ അനശ്വരമാക്കുന്ന തീരുമാനമായിരുന്നു ‘റസ്മുല്‍ ഉസ്മാനി’.
ആഫ്രക്കന്‍ രാജ്യങ്ങളിലേക്കു ഇസ്‌ലാമിക സാമ്രാജ്യം വളര്‍ന്നതു ഉസ്മാന്‍(റ) ന്റെ കാലത്തായിരുന്നു. പന്ത്രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഹിജ്‌റ 35 ാം വര്‍ഷം(എ.ഡി 656) ല്‍ അദ്ദേഹം രക്തസാക്ഷിയായി. ഉസ്മാന്‍(റ) ന്റെ വധം ഇസ്‌ലാമിക ലോകത്ത് പലകുഴപ്പങ്ങള്‍ക്കും ഹേതുവായി. ജമല്‍, സ്വിഫീന്‍ യുദ്ധങ്ങളൊക്കെ അതിനെത്തുടര്‍ന്നാണുണ്ടായത്. നബി(സ്വ) യുടെ രണ്ടു മക്കളെകൂടാതെ ഫാഖിത, ഉമ്മുല്‍ബനീന്‍, റംല, നാഇല എന്നിവരേയും അദ്ദേഹം വിവാഹം ചെയ്തിട്ടുണ്ട്. അബ്ദുല്ല, അബ്ദുല്ലാഹിബ്‌നു അസ്ഗര്‍, അംറ്, ഖാലിദ് അബാന്‍, ഉമര്‍, വലീദ്, സഈദ്, അബ്ദുല്‍ മലിക് എന്നീ ആണ്‍മക്കള്‍ക്കു പുറമെ ഏഴ് പെണ്‍മക്കളുമുണ്ടായിരുന്നു.
അലിയ്യുബ്‌നു അബീത്വാലിബ്(റ)
ക്രസ്താബ്ദം 599 ലാണ് അലി(റ) ജനിച്ചത്. പിതാവ് അബൂത്വാലിബ്, മാതാവ് ഫാത്വിമ ബിന്‍ത് അസദ്(റ). ചെറുപ്രായത്തില്‍ തന്നെ നബി(സ്വ) യില്‍ വിശ്വസിച്ചു. കുട്ടികളില്‍ നിന്ന് ആദ്യം വിശ്വസിച്ചത് അലി(റ) ആയിരുന്നു. നബി(സ്വ) യുടെ പിതൃസഹോദര പുത്രന്‍, മരുമകന്‍, നാലാം ഖലീഫ, സ്വര്‍ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട പത്തില്‍ പ്രമുഖന്‍, അറിവിലും ധീരതയിലും മറ്റെല്ലാവരേക്കാളും മികച്ചവന്‍ തുടങ്ങി നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകള്‍. തബൂക്ക് ഒഴികെയുള്ള യുദ്ധങ്ങളിലെല്ലാം അദ്ദേഹം സംബന്ധിച്ചു. തബൂക്ക് യുദ്ധവേളയില്‍ ഉത്തരാധികാരിയായി അലി(റ) നെയാണ് നബി(സ്വ) ഏല്‍പിച്ചത്. ഉസ്മാന്‍(റ) വധത്തിനു ശേഷം സ്വഹാബികള്‍ അലി(റ) നെ ഖലീഫയായി ബൈഅത് ചെയ്തു. ഹിജ്‌റ 40(എഡി 661) ല്‍ രക്തസാക്ഷിത്വം വഹിക്കുന്നത് വരെ അലി(റ) യായിരുന്നു ഖലീഫ. പലകുഴപ്പങ്ങളും അദ്ദേഹത്തിന്റെ കാലത്തു പൊട്ടിപ്പുറപ്പെട്ടു. അതിനെയെല്ലാം ശക്തമായ പ്രതിരോധത്തിലൂടെ അദ്ദേഹം ചെറുത്തുതോല്‍പിച്ചു. പ്രവാചക പുത്ര ഫാത്വിമ(റ) നെ കൂടാതെ എട്ട് സ്ത്രീകളെകൂടി അലി(റ) വിവാഹം കഴിച്ചിരുന്നു. സ്വര്‍ഗത്തിലെ യുവാക്കളുടെ നേതാക്കന്മാരെന്ന് നബി(സ്വ) വിശേഷിപ്പിച്ച ഹസന്‍(റ) ഹുസൈന്‍(റ) എന്നിവര്‍ക്കു പുറമെ പന്ത്രണ്ടുമക്കള്‍ അദ്ദേഹത്തിനു വേറെയുമുണ്ടായിരുന്നു. തന്റെ മുന്‍ഗാമികളായ ഖലീഫമാരോട് ഒരു നിലയ്ക്കുമുള്ള അനിഷ്ടമോ വിയോജിപ്പോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അവരോടെല്ലാം അതിരറ്റ ആദരവും ആത്മബന്ധവുമാണ് അദ്ദേഹം പുലര്‍ത്തിയത്. തന്റെ മക്കള്‍ക്ക് അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ എന്ന് നാമകരണം ചെയ്തു. അതിന്റെ പിന്നിലുള്ള ചേതോവികാരം മുന്‍ഗാമികളോടുള്ള സ്‌നേഹമായിരുന്നു.
റഫറന്‍സ്: ഇത്ഖാന്‍ (ഇമാം സുയൂത്വി)
താരീഖുല്‍ ഖുലഫ (ഇമാം സുയൂത്വി)
തജ്‌വീദ് പഠനം (കെ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍)
തിരയടങ്ങാത്ത മഹാത്ഭുതം
ശൈഖുനാ. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
(ജന.സിക്രട്ടറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ)
സൃഷ്ടികളില്‍ അത്യുത്തമരായ തിരുനബി(സ്വ) ക്ക് ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ ഭൂമിലോകത്തേക്കവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രേഷ്ഠവും ഉമ്മത്തു മുഹമ്മദിയ്യക്ക് ലഭിച്ച അത്യപൂര്‍വ്വ സമ്മാനവുമാണ് . ജിബ്‌രീല്‍(അ) മുഖേന തിരുമേനിക്ക് ലഭിച്ച ഈ ഗ്രന്ഥത്തിലൂടെ അല്ലാഹു ലോകസമൂഹത്തോട് സംവദിക്കുകയാണ്. മാനവലോകത്തിന്റെ ജീവിത ഭരണഘടനയായ പരിശുദ്ധകലാമിനെ ആ വലിയ പ്രാധാന്യത്തോടെ സമൂഹം എന്നും നെഞ്ചേറ്റിയിട്ടുണ്ട്.
ഖുര്‍ആന്‍ അവതരിക്കപ്പെടുന്ന കാലത്ത് അത് മനപാഠമാക്കുവാനും എഴുതി സൂക്ഷിക്കുവാനും സ്വഹാബത് കാണിച്ച ഉത്സാഹം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം സ്വഹാബികളും ഉടനടി സൂക്തങ്ങള്‍ ഹൃദിസ്ഥമാക്കുന്നവരായിരുന്നു. മറ്റൊരു വിഭാഗം തങ്ങള്‍ക്ക് ലഭ്യമായ എല്ലിന്‍ കഷ്ണങ്ങളിലും തോലുകളിലും ഖുര്‍ആന്‍ എഴുതി സൂക്ഷിച്ചു.
യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ ഹാഫിളീങ്ങളായ എഴുപതോളം സ്വഹാബത് ശഹീദായപ്പോഴാണ് ഖുര്‍ആന്‍ ക്രോഢീകരിക്കേണ്ടതിന്റെ ആവശ്യകതയുമായി ഉമര്‍(റ) അബക്കര്‍(റ) വുമായി കൂടിക്കാഴ്ച നടത്തുന്നത്. ഒരുപാട് ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം സൈദ്ബ്‌നുസാബിത്(റ) ന്റെ നേതൃത്വത്തില്‍ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ആ വലിയ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടു.
ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും സംവേദനത്തിനും എന്തിനേറെ വെറുതെ നോക്കിയിരിക്കുന്നതിന് പോലും ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ഇമാം തിര്‍മുദി(റ)നിവേദനം ചെയ്യുന്ന ഹദീസില്‍ അബ്ദുല്ലാഹിബ്‌നുമസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:”ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരു അക്ഷരം ഓതിയാല്‍ അത് അവനൊരു നന്‍മയായി രേഖപ്പെടുത്തും. ഒരു നന്‍മ പത്തിരട്ടിയായി മാറും. അലിഫ്‌ലാംമീം എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയില്ല. അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം മൂന്നാമതൊരക്ഷരവുമാണ്.”. അബൂമൂസല്‍അശ്അരിയില്‍ നിന്നുള്ള നിവേദനത്തില്‍ ഇങ്ങനെ കാണാം, നബി(സ്വ) പറയുന്നു: ‘ഖുര്‍ആന്‍ പതിവായി പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഉപമ മധുരനാരങ്ങ പോലെയാണ്. അതിന്റെ ഗന്ധം സുഗന്ധപൂര്‍ണവും രൂചി മധുരതരവുമാണ്. ഖുര്‍ആന്‍ പാരായണം പതിവില്ലാത്ത വിശ്വാസിയുടെ ഉപമ കാരക്ക പോലെയാണ്. അതിന് നല്ല മാധുര്യമുണ്ടെങ്കിലും സുഗന്ധമില്ല. ഖുര്‍ആന്‍ ഓതുന്ന കപടവിശ്വാസിയുടെ ഉപമ റൈഹാന്‍ പുഷ്പമാണ്. അതിന് നല്ല സുഗന്ധമുണ്ട്. പക്ഷെ കൈപാണതിന്റെ രുചി. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത കപടന്റെ ഉപമ ആട്ടങ്ങപോലെയാണ്. അതിന് നല്ല കൈപ് രുചിയാണ് വാസനയില്ല താനും'(മുത്തഫഖുന്‍അലൈഹി).
നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് പുണ്യനബി(സ്വ) പറഞ്ഞതായി ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) ഉദ്ധരിക്കുന്ന ഹദീസ് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ജാബിര്‍(റ)പറയുന്നു:”ഉഹ്ദില്‍ ശഹീദായവരെ അടക്കം ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതലാളുകളെ ഒരു ഖബറില്‍ മറവ് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ പഠിച്ച വ്യക്തിയാരെന്ന് നബി(സ്വ) ചോദിക്കുകയും ഏതെങ്കിലും ഒരു വ്യക്തിയെ അവര്‍ ചൂണ്ടിക്കാണിച്ചാല്‍ അദ്ദേഹത്തെ ലഹ്ദിനുള്ളിലാക്കുകയും ചെയ്തിരുന്നു”(ബുഖാരി).
അനസ്ബ്‌നു മാലിക്(റ) പറയുന്നു; നബി(സ്വ) പറയുകയുണ്ടായി:”അല്ലാഹുവിന് ചില പ്രത്യേകക്കാരുണ്ട്. സ്വഹാബത് ചോദിച്ചു അവര്‍ ആരാണ് നബിയെ? നബി(സ്വ) പറഞ്ഞു: ഖുര്‍ആനുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ അല്ലാഹുവിന്റെ ആളുകളും അവന്റെ പ്രത്യേകക്കാരുമാണ്”. ഖുര്‍ആനുമായി വലിയ ബന്ധം പുലര്‍ത്തി ജീവിച്ച വ്യക്തികളെ നാളെ നരകത്തിലേക്ക് കൊണ്ട്‌പോകുമ്പോള്‍ അല്ലാഹുവിന്റെ അടുത്ത് ചെന്ന് നിന്റെ കലാമായ എന്നെ കൊണ്ട്‌നടന്ന ആ വ്യക്തിയെ നീ നരകത്തിലേക്കെറിയരുതെന്ന് ഖുര്‍ആന്‍ പറയുമത്രെ.
ബുദ്ധിയെയും ആത്മാവിനെയും പരിപോഷിിപ്പിക്കുകയും ശരീരത്തെ സംരക്ഷിക്കുകയും വിജയം സുനിശ്ചിതമാക്കിത്തരുകയും ചെയ്യുന്ന കാര്യങ്ങളില്‍ അല്ലാഹുവിന്റെ കലാമിലേക്ക് നോട്ടം നിത്യേന വര്‍ദ്ധിത തോതില്‍ പതിവാക്കുന്നതിനേക്കാള്‍ മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ലെന്ന് ചില പണ്ഡിതര്‍ രേഖപ്പെടുത്തി വെച്ചത് കാണാം. ഒരു മഹാനോട് ഒരു വ്യക്തി വന്ന് ഇപ്രകാരം ചോദിച്ചു:”എത്ര കണ്ട് ഞാന്‍ ഖുര്‍ആന്‍ ഓതണം? എത്ര കണ്ട് വിജയിക്കണമെന്നാണ് നീ ഉദ്ദേശിക്കുന്നത് അത്ര കണ്ട് നീ ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കണമെന്നാണ് മഹാനുഭാവന്റെ പ്രതികരണം”
സ്വന്തമായി പാരായണം ചെയ്യാന്‍ കഴിയുന്ന കാലത്ത് ആയിരക്കണക്കിന് ഖത്മുകള്‍ ഓതിത്തീര്‍ത്ത മഹാന്‍മാരെ നമുക്ക് ചരിത്രത്തില്‍ കാണാം. ഇബ്‌നുഹജര്‍അല്‍ഹൈതമി(റ)തന്റെ ഫതാവല്‍ഹദീസിയ്യയില്‍ അങ്ങനെയുള്ള നിരവധി മഹത്തുക്കളെ എണ്ണിപ്പറയുന്നുണ്ട്. പകലില്‍ നാലും രാത്രി നാലുമായി ഒരു ദിവസത്തില്‍ എട്ട് ഖത്മ് ഓതിത്തീര്‍ത്തിരുന്ന മഹാനാണ് അസ്സയ്യിദുല്‍ജലീല്‍ ഇബ്‌നുല്‍കാതിബുസ്സ്വൂഫി(റ)യെന്ന് ഇമാം നവവി(റ) പറയുന്നതായി ഇബ്‌നുഹജര്‍(റ) ഉദ്ധരിക്കുന്നു. തന്റെ അന്ത്യനിദ്രക്ക് വേണ്ടി ആദ്യമേ ഖബ്‌റൊരുക്കി അതിലിരുന്ന് ഖുര്‍ആന്‍ ഖത്മുകള്‍ വര്‍ദ്ധിപ്പിച്ച മഹാന്‍മാരും മഹതികളുമുണ്ട്. സ്വൂഫിയായിരുന്ന അബൂബക്ര്‍ അഹ്മദ്ബ്‌നുഅലി അത്ത്വുറൈസീസി(റ) ബിശ്‌റുനില്‍ഹാഫി(റ)തങ്ങളുടെ ഖബ്‌റിനടുത്ത് തനിക്ക് വേണ്ടി കുഴിച്ച് വെച്ച ഖബ്‌റില്‍ ഉറങ്ങുകയും ഓരോ ആഴ്ചയിലും ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് അബൂബക്ര്‍ ഖതീബുല്‍ബഗ്ദാദി(റ)ന് അവിടെ മറവ് ചെയ്യപ്പെടാന്‍ ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കി ആ ഖബ്ര്‍ ഒഴിഞ്ഞു കൊടുത്തുവന്ന് കിതാബുകളില്‍ കാണാം.
നമ്മുടെ കേരളീയരായ മുന്‍കാല മഹത്തുക്കളും ഖുര്‍ആന്റെ കാര്യത്തില്‍ വലിയ സൂക്ഷ്മത പുലര്‍ത്തിയിരുന്നവരാണ്. ഓത്തുപള്ളികളിലും മറ്റും കാര്യമായി പഠിച്ചിരുന്നത് ഖുര്‍ആന്‍ മാത്രമാണ്. പല ആലിമീങ്ങളും സ്വന്തം വീട്ടില്‍ വെച്ച് പോലും ആണിനും പെണ്ണിനും ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നുവെന്നത് ഒരു വലിയ സത്യമാണ്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ തന്റെ കയ്യില്‍ കൊണ്ട് നടന്നിരുന്ന മൂന്ന് വസ്തുക്കളില്‍ ഒന്ന് മുസ്വ്ഹഫായിരുന്നു. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ നതൃത്വത്തില്‍ കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ച് ഖുര്‍ആന്‍ പഠനത്തിന് വലിയ പ്രാധാന്യം തന്നെ നല്‍കിയിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ തങ്ങളുടെ ഉത്തരവാദിത്വമെന്തെന്നറിയാതെ ഉയലുന്ന പുതുതലമുറക്ക് നേരിന്റെയും വിജയത്തിന്റെയും സമാധാനത്തിന്റേയും തീരത്തേക്കണയാന്‍ അല്ലാഹുവിന്റെ കലാം മുറുകെ പിടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ”ഖുര്‍ആന്‍ കൈവെടിഞ്ഞവന്റെ സര്‍വ്വ അധ്വാനങ്ങളും വൃഥാവിലാണ്. യഥാര്‍ത്ഥ ഒരു മുസ്‌ലിം ഖുര്‍ആന്‍ കൈവെടിയുമോ!?” എന്ന കവിവാക്യം എത്ര അര്‍ത്ഥവത്താണ്.
No comments:
Post a Comment