"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Wednesday, 11 October 2017


ഗര്‍ഭച്ഛിദ്രവും ഇസ്‌ലാമിക ശരീഅത്തും
ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി 

ഗര്‍ഭത്തലുള്ള ഭ്രൂണത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് ഭ്രൂണഹത്യ. പൊതുവെ ഗര്‍ഭധാരണത്തിന്റെ ആദ്യ 28 ആഴ്ച്ചകള്‍ക്കിടയിലാണ് ഇത് നടക്കാറുള്ളത്. ഭ്രൂണഹത്യയുടെ സ്വഭാവം പരിഗണിച്ച് അതിനെ പലതായി തിരിക്കാറുണ്ട്. സ്വാഭാവികമായി സംഭവിക്കുന്ന ഗര്‍ഭച്ഛിദ്രവും ബോധപൂര്‍വം നടത്തപ്പെടുന്ന ഗര്‍ഭച്ഛിദ്രവും ഉണ്ട്. സ്ത്രീ അറിയാതെ സംഭവിക്കുന്നതാണ് സ്വാഭാവിക ഗര്‍ഭച്ഛിദ്രം. ഭ്രൂണത്തിന് വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ ഗര്‍ഭാശയത്തില്‍ പൂര്‍ത്തീകരിക്കപ്പെടാതിരിക്കുക, സ്ത്രീയുടെ പ്രത്യുല്‍പാദന വ്യവസ്ഥയിലെ തകരാറുകള്‍, അമിത ഭാരമുള്ള ജോലികള്‍ ചെയ്യുക, മാനസിക സമ്മര്‍ദം, ഗര്‍ഭത്തെയും ഗര്‍ഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം തുടങ്ങിയ അതിന് കാരണങ്ങളായേക്കാം. അഥവാ ബാഹ്യമായ യാതൊരു ഇടപെടലും ഇല്ലാതെ, ഗര്‍ഭിണിയായ സ്ത്രീയെയോ ഭ്രൂണത്തെയോ ബാധിച്ചിരിക്കുന്ന രോഗവുമായി ബന്ധപ്പെട്ട ആന്തരിക കാരണങ്ങള്‍ അതിലേക്ക് നയിക്കുന്നത്.

അപ്രകാരം ചികിത്സയുടെ ഭാഗമായി ഗര്‍ഭച്ഛിദ്രം (Therapeutic abortion) ചെയ്യാറുണ്ട്. ഗര്‍ഭം മാതാവിന്റെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യത്തില്‍ കഴിവും യോഗ്യതയുമുള്ള ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണത് ചെയ്യുന്നത്.

നിയമവിരുദ്ധമായ രീതിയില്‍ ബോധപൂര്‍വം ഗര്‍ഭം അലസിപ്പിക്കുന്ന രീതിയാണ് ബോധപൂര്‍വമുള്ള ഗര്‍ഭച്ഛിദ്രം. ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ നല്‍കിയോ യോനിയിലൂടെ ദൃഢമായ എന്തെങ്കിലും വസ്തുക്കള്‍ പ്രവേശിപ്പിച്ചോ ഭ്രൂണത്തെ നശിപ്പിക്കുന്ന രീതിയാണിത്. മാനുഷികമായ ന്യായീകരണങ്ങളുടെ പേരില്‍ ഗര്‍ഭം അലസിപ്പിക്കുക എന്നത് മാത്രമാണ് ഇതിന്റെ ഏക ലക്ഷ്യം. അവിഹിതബന്ധത്തിലൂടെയോ ബലാല്‍സംഗത്തിലൂടെയോ ഉണ്ടായിട്ടുള്ള ഗര്‍ഭം മറച്ചു വെക്കല്‍ അത്തരം ന്യായീകരണങ്ങളില്‍ പെട്ടതാണ്. ജീവിക്കുന്ന സമൂഹത്തില്‍ നിന്നുള്ള അപമാനം ഭയന്ന് ചെയ്യുന്നതിനാല്‍ ഇതിനെ സാമൂഹ്യ ഗര്‍ഭച്ഛിദ്രം (Social abortion) എന്ന് വിശേഷിപ്പിക്കാം. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ രക്ഷിക്കുക, സ്വതാല്‍പര്യത്തോടു കൂടിയല്ലാത്ത ഗര്‍ഭത്തില്‍ നിന്ന് സ്ത്രീക്ക് മോചനം നല്‍കുക തുടങ്ങിയ ന്യായങ്ങള്‍ ഉന്നയിച്ച് വലിയ പ്രതിഫലം പറ്റി ഡോക്ടര്‍മാരുടെ തന്നെ മേല്‍നോട്ടത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തി കൊടുക്കുന്ന ക്ലിനിക്കുകളും ഉണ്ട്.

ശരീഅത്ത് എന്ത് പറയുന്നു?
ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ശരീഅത്തിന്റെ വിധികളെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

1. അടിസ്ഥാനപരമായി ഗര്‍ഭച്ഛിദ്രം നിഷിദ്ധമാണ്.

2. ഗര്‍ഭധാരണത്തിന്റെ പ്രാരംഭദശ മുതല്‍ ഭ്രൂണ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഗര്‍ഭച്ഛിദ്രം ചെയ്യുന്നത് നിഷിദ്ധമാണെന്നതാണ് എന്റെ അഭിപ്രായം. അതിന് നിരവധി തെളിവുകളുണ്ട്.

അല്ലാഹു പറയുന്നു: ''സ്വസന്തതികളെ ദാരിദ്ര്യം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു.'' (അല്‍ഇസ്‌റാഅ്: 31)
മറ്റൊരിടത്ത് പറയുന്നു: ''ദാരിദ്ര്യം ഭയന്ന് മക്കളെ കൊന്നുകളയാതിരിക്കുക. നാമാകുന്നു നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത്.'' (അല്‍അന്‍ആം: 151)

സാമ്പത്തിക പരാധീനതകളോ ദാരിദ്ര്യമോ ഭയന്ന് മക്കളെ കൊല്ലുന്നതിനെ വ്യക്തമായി വിലക്കുകയാണ് മേല്‍ പറഞ്ഞ രണ്ട് സൂക്തങ്ങളും. ഉന്നതമായ ദൈവിക യുക്തിയാണ് മനസ്സുകളിലേക്ക് അത് പകര്‍ന്നു നല്‍കുന്നത്. ഒന്നാമത് പറഞ്ഞ ആയത്തില്‍ മാതാപിതാക്കളുടെ അന്നത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിന് മുമ്പാണ് മക്കളുടെ അന്നത്തെ കുറിച്ച് പറയുന്നത്. ദരിദ്രരല്ലാത്ത ആളുകളെയാണ് അത് അഭിസംബോധന ചെയ്യുന്നത്. മക്കള്‍ ജീവിത ചെലവ് വര്‍ധിപ്പിക്കുകയും അത് ദാരിദ്ര്യത്തിലേക്ക് എത്തിച്ചേക്കുമെന്നും ഭയന്ന് കൊല്ലുന്നവരോടാണിത് പറയുന്നത്. എന്നാല്‍ രണ്ടാമത് പറഞ്ഞ ആയത്ത് അഭിസംബോധന ചെയ്യുന്നത് ദരിദ്രരെയാണ്. നിലവില്‍ തന്നെ ദാരിദ്ര്യത്തിലും പ്രയാസങ്ങളിലുമാണവര്‍ ജീവിക്കുന്നത്. അവരുടെ ദാരിദ്ര്യം അധികരിപ്പിക്കുന്ന മക്കളുണ്ടാവുന്നത് ആഗ്രഹിക്കാത്തവരാണവര്‍.

അല്ലാഹു പറയുന്നു: ''അല്ലാഹു ആദരണീയമാക്കിയ ഒരു ജീവനെയും അന്യായമായി വധിക്കയുമരുത്.'' (അല്‍അന്‍ആം: 6) ഒരു ജീവന് നേരെ കയ്യേറ്റം നടത്തുന്ന് വിലക്കിയ പോലെ തന്നെയാണ് ജീവനും ആത്മാവും സ്വീകരിക്കാന്‍ സജ്ജമായിരിക്കുന്ന ഒന്നിനെ ഇല്ലാതാക്കുന്നതും.

''ഹുദൈല്‍ ഗോത്രത്തിലെ രണ്ട് സ്ത്രീകളിലൊരാള്‍ മറ്റൊരാളെ എറിഞ്ഞു. അത് അവളുടെ ഗര്‍ഭം അലസിപ്പിച്ചു. അപ്പോള്‍ ഒരു അടിമയെയോ അടിമസ്ത്രീയെയോ പ്രായശ്ചിത്തമായി നല്‍കാന്‍ നബി(സ) വിധിച്ചു.'' (ബുഖാരി, മുസ്‌ലിം) ചെയ്ത പ്രവൃത്തി തെറ്റാണെന്നും അത് ചെയ്തയാള്‍ കുറ്റക്കാരനാണെന്നുമാണ് പ്രായശ്ചിത്തം നിര്‍ബന്ധമാക്കിയ നബി(സ)യുടെ നടപടിയിലൂടെ മനസ്സിലാവുന്നത്.

3. റൂഹ് ഊതപ്പെടുന്നതിന് മുമ്പ് ന്യായമായ കാരണങ്ങള്‍ കൊണ്ടല്ലാതെ ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല.

4. ഭ്രൂണത്തിന് നാല് മാസമോ അതില്‍ കൂടുതലോ വളര്‍ച്ചയെത്തിയതിന് ശേഷം ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല.

5. മാതാവിന്റെ ജീവന്‍ അപകടത്തിലാവുന്ന സന്ദര്‍ഭത്തില്‍ മാതാവിനെ രക്ഷപ്പെടുത്താന്‍ രണ്ടു ദോഷങ്ങളില്‍ ചെറിയ ദോഷമെന്ന നിലയില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. കാരണം മാതാവിന്റേത് സ്വതന്ത്രമായ ഒരു ജീവനാണ്.

No comments:

Post a Comment