"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Tuesday, 17 October 2017

                                                                                       

രക്ഷിതാക്കള്‍ വരുത്തുന്ന 5 പിഴവുകള്‍
അംതന ബുഷ്റ 
നമ്മുടെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വരുത്തിയ പിഴവുകള്‍ പറയാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ കുറേയെണ്ണം നാം ഓര്‍ത്തെടുത്ത് പറയും. കാരണം, തെറ്റുകളാണ് ശരികളേക്കാള്‍ മനുഷ്യര്‍ ഓര്‍ക്കാറുള്ളത്. മാതാപിതാക്കള്‍ നമുക്ക് ചെയ്തു തന്ന ഒട്ടേറെ നന്മകള്‍ ഉണ്ടാകും. അവ അത്ര കൃത്യമായി നാം ഓര്‍ത്തെടുത്തെന്ന് വരില്ല. എന്നിരുന്നാലും കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ നിസ്സാരമായ ചില തെറ്റുകള്‍ പല മാതാപിതാക്കളും അനുവര്‍ത്തിക്കാറുണ്ട്. പ്രത്യക്ഷത്തില്‍ നിസ്സാരമാണെന്ന് തോന്നാമെങ്കിലും കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും വളര്‍ച്ചയിലും അത് ചിലപ്പോള്‍ പ്രതികൂലമായി ബാധിച്ചേക്കാം. നമ്മുടെ കുട്ടികള്‍ക്ക് നിരവധി നന്മകള്‍ നാം ആഗ്രഹിക്കുമ്പോള്‍ തന്നെ ഇത്തരം നിസ്സാരമായ പിഴവുകള്‍ അവയെയൊക്കെ ഇല്ലാതാക്കിക്കളയും.

1. തെറ്റുകള്‍ തിരുത്തുമ്പോള്‍ ദേഷ്യപ്പെടുക
അധിക മാതാപിതാക്കളും വരുത്തുന്ന ഒരു പിഴവാണ ഇത്. പല തരത്തില്‍ ഇത് അപകടകരമാണ്. സ്വന്തം തെറ്റ് മറന്ന് നിങ്ങളുടെ ഭാവമാറ്റത്തില്‍ കുട്ടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണമാകും. ഇങ്ങനെ വന്നാല്‍ നമ്മള്‍ പറയുന്നതൊന്നും കുട്ടിയുടെ തലയില്‍ കയറില്ല. അവന്‍ ആ തെറ്റില്‍ നിന്ന് വിട്ടുനിന്നാല്‍ തന്നെ അത് നിങ്ങളുടെ കോപത്തെ ഭയന്ന് കൊണ്ടോ സാന്നിധ്യത്തെ ഭയന്ന് കൊണ്ടോ മാത്രമായിരിക്കും. നിങ്ങളുടെ അഭാവത്തില്‍ അവന്‍ അത് ആവര്‍ത്തിക്കാനും ഇടയുണ്ട്. എന്നാല്‍ സ്‌നേഹത്തിന്റെ ഭാഷയില്‍, പുഞ്ചിരിച്ചു കൊണ്ടാണ് നാം കുട്ടികളെ ഉപദേശിക്കുന്നതെങ്കില്‍ അതവര്‍ക്ക് ഹൃദ്യമായി തോന്നും. അവര്‍ മനസ്സ് കൊണ്ട് തന്നെ ആ തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത കാണിക്കും.

2. മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുക
കുട്ടികള്‍ പഠനത്തില്‍ മോശമാകുമ്പോഴോ പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോഴോ അധിക രക്ഷിതാക്കളും അയല്‍പക്കത്തെയോ കുടുംബത്തിലെയോ കുട്ടികളുമായി സ്വന്തം മക്കളെ താരതമ്യം ചെയ്യാന്‍ തുടങ്ങും. അതാകട്ടെ അവരുടെ മുമ്പില്‍ വെച്ച് തന്നെ. അപ്പുറത്തെ വീട്ടിലെ മുഹമ്മദ് എല്ലാ ദിവസവും അവന്റെ ഹോംവര്‍ക്ക് ചെയ്യും, നീ എന്താ ഇങ്ങനെ ആയിപ്പോയത്? അപ്പുറത്തെ വീട്ടിലെ കുട്ടിക്ക് എല്ലാ വിഷയത്തിലും നല്ല മാര്‍ക്കുണ്ട്, നിനക്ക് മാത്രമെന്താ പത്തില്‍ താഴെ മാര്‍ക്ക്? എന്നിങ്ങനെ പോകുന്നു പതിവു പല്ലവികള്‍. ഇങ്ങനെയുള്ള താരതമ്യങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം കുറച്ചുകളയും. പല കുട്ടികളും അപകര്‍ഷതാബോധത്തിനും അടിമകളായിത്തീരും. പിന്നെ കുട്ടികള്‍ക്കിടയില്‍ ശത്രുതക്കും അത് വഴിവെക്കും. ഓരോ കുട്ടിയും അവന്റെ മേഖലയില്‍ കഴിവുള്ളവനാണ്. അവന്റെ മേഖല കണ്ടെത്താന്‍ രക്ഷിതാക്കള്‍ കൂടി അവന്റെ ഒപ്പം പരിശ്രമിക്കുകയും അവനെ ആ വഴിക്ക് നടത്തുകയുമാണ് വേണ്ടത്. എല്ലാവരും ഒരുപോലെ ആവണമെന്നത് നമ്മുടെ ദുര്‍വാശി മാത്രമാണ്.

3. ഞാന്‍ പറയുന്നതു പോലെ ചെയ്യ്
ഹോംവര്‍ക്ക് ചെയ്യിക്കുമ്പോഴോ മറ്റ് പരിശീലനങ്ങള്‍ നല്‍കുമ്പോഴോ രക്ഷിതാക്കള്‍ പിന്തുടരുന്ന മോശം രീതിയാണ് പറഞ്ഞു ചെയ്യിക്കുക എന്നത്. ഞാന്‍ പറയുന്നതു പോലെ ചെയ്യ്, ഞാന്‍ പറയുന്നതുപോലെ എഴുത് എന്നൊക്കെയുള്ള രീതികള്‍ കുട്ടികളുടെ കഴിവിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആശ്രയത്വം പഠിപ്പിച്ച് അവരെ മടിയന്മാരാക്കാന്‍ മാത്രമേ ഇതുകൊണ്ട് ഉപകരിക്കൂ. കുട്ടികള്‍ക്ക് സ്വയം മാതൃകയാവുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഞാന്‍ ചെയ്യുന്നതു പോലെ ചെയ്യ് എന്നു വേണം നാം പറയാന്‍. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ അഹംഭാവത്തോടെ അത് തുടരുന്നതിന് പകരം കുട്ടികളോട് ക്ഷമ ചോദിക്കുമ്പോള്‍ നമ്മുടെ കര്‍ത്തവ്യബോധം അവരും തിരിച്ചറിയും. അത് തിരുത്തി നിങ്ങള്‍ തുടരുമ്പോള്‍ എങ്ങനെ തിരുത്തണം എന്ന പാഠം കൂടി കുട്ടികള്‍ പഠിക്കും.

4. കുട്ടികളെ വിലകുറച്ചു കാണുക
കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കണമെന്നത് അല്ലാഹുവും റസൂലും പഠിപ്പിച്ച കാര്യം തന്നെയാണ്. എന്നാല്‍ കുട്ടികളോട് മാതാപിതാക്കള്‍ ബഹുമാനം കാണിക്കുന്നതും ഇസ്‌ലാമിന്റെ ഭാഗമാണ്. കുട്ടികളോട് കാരുണ്യം കാണിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. നമ്മുടെ ആദരവ് അവരോടുള്ള കാരുണ്യത്തില്‍ നിന്നുണ്ടാകുന്നതാണ്. അവരുടെ കഴിവുകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക. അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക എന്നതൊക്കെ അവരോടുള്ള കാരുണ്യത്തിന്റെ ഭാഗമാണ്. പ്രവാചകന്‍(സ) കുട്ടികളോട് പോലും സലാം പറയുകയും കുശലാന്വേശണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് അവരോടുള്ള കാരുണ്യത്തില്‍ നിന്നുണ്ടാകുന്ന ആദരവാണ്.

5. എന്നും പൂര്‍ണത പ്രതീക്ഷിക്കുക
നമ്മുടെ കുട്ടികള്‍ എന്തെങ്കിലും പിഴവുകള്‍ വരുത്തുമ്പോള്‍ ഇവന്‍ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും പിഴവുകള്‍ വരുത്തുന്നതെന്നാണ് രക്ഷിതാക്കള്‍ ചിന്തിക്കാറുള്ളത്. എന്നാല്‍ നമ്മള്‍ ആരും പൂര്‍ണരല്ലല്ലോ. മുതിര്‍ന്നവരായ നമ്മള്‍ പോലും ദിനേന നിരവധി പിഴവുകള്‍ വരുത്തുമ്പോള്‍ പരിമിതമായ അറിവിലും അനുഭവത്തിലും കുട്ടികള്‍ വരുത്തുന്ന പിഴവിനെ പര്‍വതീകരിച്ച് കാണേണ്ടതില്ല. നാം അവരുടെ പിഴവുകള്‍ കണ്ടെത്താന്‍ വിധിക്കപ്പെട്ടവരല്ല. മറിച്ച് അവര്‍ക്ക് പിഴവുകള്‍ സംഭവിച്ചാല്‍ അവ സ്‌നേഹത്തിന്റെ ഭാഷയില്‍ തിരുത്താനും നേരായ വഴിയില്‍ നയിക്കാനും ചുമതലപ്പെട്ടവരാണ്.

കുട്ടികളുമായി ഇടപെടുമ്പോള്‍ ആത്യന്തികമായി ക്ഷമയായിരിക്കണം നമ്മുടെ മുഖമുദ്ര. നമ്മുടെ പ്രതീക്ഷകള്‍ കുട്ടികള്‍ പൂവണിയിക്കണം എന്ന് നാം ദുര്‍വാശി പിടിക്കരുത്. അവരുടെ കഴിവുകളെ ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തി മാര്‍ഗദര്‍ശനം നല്‍കുകയാണ് നാം ചെയ്യേണ്ടത്. 

അവലംബം: muslimvillage.com

No comments:

Post a Comment