"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Saturday, 16 June 2018



റമദാന്‍ നല്‍കിയ വെളിച്ചം തല്ലിക്കെടുത്തരുത്
അബൂ ആദില്‍


ഒരു മാസത്തെ മെയ്ന്റനസ് പ്രവര്‍ത്തികള്‍ക്കു ശേഷം നിരത്തിലേക്ക് ഇറങ്ങുന്ന പുതിയ വാഹനത്തെ പോലെയാണ് വിശ്വാസികള്‍. റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയും നിറഞ്ഞതാണ്. അതീവ ശ്രദ്ധയോടെ ഓടിച്ചില്ലെങ്കില്‍ അപകടത്തിന് സാധ്യത വളരെ കൂടുതലും. വാഹനം മാത്രമാണ് നന്നാക്കിയിട്ടുള്ളത്. ചുറ്റുപാടുകള്‍ പലതും പഴയതു പോലെത്തന്നെയാണ്. ഈ ദുഷ്‌കരമായ വഴിയിലൂടെ ലക്ഷ്യസ്ഥാനത്തേക്കു നീങ്ങാന്‍ വിശ്വാസിക്ക് കരുത്തും ആവേശവും നല്കുന്നതാകണം നമ്മുടെ കഴിഞ്ഞ ഒരു മാസത്തെ നോമ്പ് അനുഭവം.

നോമ്പ് കൊണ്ട് 'നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ ആയേക്കാം' എന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന ഉപദേശം. ആ സൂക്ഷ്മത നോമ്പ് കാലത്തു മാത്രമായി ചുരുങ്ങിയാല്‍ അതിനര്‍ത്ഥം വണ്ടിയുടെ കേടുപാടുകള്‍ ശരിയായിട്ടില്ല എന്ന് തന്നെയാണ്. മനുഷ്യന്‍ അവനു അനുവദിച്ച പല അനുവദനീയങ്ങളില്‍ നിന്നും സ്വയം മാറി നില്‍ക്കുന്നതാണ് നോമ്പ്. അതെ സമയം എക്കാലത്തും ദൈവം നിഷിദ്ധമാക്കിയ തിന്മകളില്‍ നിന്നും മാറി നില്‍ക്കാന്‍ നോമ്പല്ലാത്ത കാലത്തും നമുക്ക് സാധിക്കണം. അത് സാധിക്കാതെ വന്നാല്‍ നോമ്പ് കാലത്ത് നാം പുലര്‍ത്തിയ സൂക്ഷ്മത ആത്മാര്‍ഥത ഇല്ലാത്തതായിരുന്നു എന്നുവരും.

'തഖ്വ' യാണ് ജീവിതത്തിന്റെ വിജയ പരാജയം കണക്കാക്കുന്നത്. ആരാധനകള്‍ പൊതുവെ സൂക്ഷ്മത കൈവരിക്കാനുള്ള വഴികളാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് നോമ്പ്. ഒരു മാസം കഠിന പരിശീലനത്തിലായിരുന്നു നാം ജീവിച്ചത്. പകല്‍ നോമ്പും രാത്രി കാലങ്ങളില്‍ ഉറക്കമൊഴിച്ചു നമസ്‌കരിച്ചും ഖുര്‍ആന്‍ പഠന പാരായണത്തില്‍ മുഴുകിയും നാം ജീവിച്ചു. ചുരുക്കത്തില്‍ നമ്മുടെ ജീവിതത്തിന്റെ ഒരു മാറ്റമായി നോമ്പ് കാലത്തെ നാം കണ്ടെത്തി.

ഇനി അടുത്ത ചോദ്യം നാം  പഴയ രീതിയിലേക്ക് മടങ്ങണമോ അതോ കഴിഞ്ഞ ഒരു മാസമായി സ്വായത്തമാക്കിയ ജീവിത വിശുദ്ധി തുടരണമോ എന്നതാണ്. അധികം പേരും പഴയ രീതിയിലേക്ക് മാറുന്നു എന്നതാണ് ദുരന്തം. റമദാന്‍ നല്‍കിയ വെളിച്ചം സ്വയം തല്ലിക്കെടുത്തിയവര്‍ എന്ന വിശേഷണത്തിലേക്കു നാം പോകരുത് എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.

സുന്നത്തു നോമ്പുകള്‍,സുന്നത്തു നമസ്‌കാരങ്ങള്‍,സദഖകള്‍ എന്നിവയുടെ വര്‍ദ്ധനവ് കൊണ്ട് റമദാന്‍ നമുക്കെന്നും അനുഭവിക്കാം. റമദാനില്‍ നിന്നും നേടിയ ചൈതന്യം കെടാതെ സൂക്ഷിക്കാന്‍ അതൊരു നല്ല മാര്‍ഗമാണ്. നോമ്പ് കാലത്ത് വാക്കിനും നോക്കിനും മനസ്സിനും നാം നിശ്ചയിച്ച പരിധികള്‍ നോമ്പിന് ശേഷവും തുടരാന്‍ അനുവദിക്കുക. നോമ്പിന് ശേഷം നാം തുടരുന്ന ജീവിത വിശുദ്ധിയാണ് നോമ്പ് നമുക്കെത്ര ഗുണം ചെയ്തു എന്ന് മനസ്സിലാക്കാനുള്ള നല്ല വഴി. പരലോകത്തു വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് അതിലൂടെ നോമ്പിനെ കുറിച്ച് നമുക്ക് സ്വയം വിചാരണ ചെയ്യാന്‍ നമുക്ക് കഴിയുന്നു.
(copied from islamonlive)




No comments:

Post a Comment